കൊച്ചി: ഇന്റർനെറ്റ് അധോലോകമായ ഡാർക് വെബ് വഴി ലഹരിപദാർഥങ്ങൾ പാഴ്‌സലുകളായി കൊച്ചിയിലെത്തിച്ചു വിൽപന നടത്തുന്നതിന് പിന്നിൽ വമ്പൻ സംഘം. ഈ കൂട്ടായ്മയിലെ ഏഴു പേരെ കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും നിർണ്ണായക വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം. ഡാർക്വെബ് വഴി ഓർഡർ നൽകി ജർമനിയിൽ നിന്നു പാഴ്‌സലായി വരുത്തിയ 326 ലഹരി സ്റ്റാംപുകളും (7.59 ഗ്രാം), 8.25 ഗ്രാം ജൈവലഹരി പദാർഥം എന്നിവയാണു പിടിച്ചെടുത്തത്.

പൊലീസും എക്‌സൈസും നൽകിയ വിവരങ്ങളും എൻസിബിക്ക് തുണയായി. ഓൺലൈൻ പോർട്ടൽ വഴി പാഴ്‌സലായി കഞ്ചാവു വാങ്ങിയ 11 യുവാക്കളെ പൊലീസ് 2022 ഏപ്രിൽ 23ന് അറസ്റ്റ് ചെയ്തിരുന്നു. 2020 നവംബറിൽ ബെംഗളൂരുവിൽ ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചു ഡാർക്വെബ് വഴി ലഹരി വിൽപന നടത്താൻ സാങ്കേതിക സഹായം നൽകിയ കംപ്യൂട്ടർ പ്രോഗ്രാമർ അറസ്റ്റിലായിരുന്നു. കേരളത്തിൽ പതിവായി ഡാർക്വെബ് സന്ദർശിക്കുന്ന 140 പേർ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ 105 പേരും കൊച്ചിയിലാണെന്നും സൈബർ ഡോം കണ്ടെത്തിയിട്ടുണ്ട്. സിനിമാ ബന്ധങ്ങൾ ഉള്ളവർ അടക്കം ഈ പട്ടികയിലുണ്ട്.

പൊലീസിൽ നിന്നും കിട്ടിയ വിവരങ്ങളും എൻസിബിയുടെ കഴിഞ്ഞ ദിവസത്തെ ഓപ്പറേഷനെ സഹായിച്ചു. ആലുവ ചെങ്ങമനാട് സ്വദേശി ശരത് ജയന്ദ് പാറക്കലിന്റെ (24) വിലാസത്തിലാണു ജർമനിയിൽ നിന്നു ലഹരി പദാർഥം കൊച്ചിയിലെത്തിയത്. ശരത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ അന്വേഷണത്തിൽ അബിൻ ബാബു, ശരൺ ഷാജി, കെ.പി.അമ്പാടി, സി.ആർ.അക്ഷയ്, അനന്ദ കൃഷ്ണ തെബി, കെ.ജി.ആന്റണി സഞ്ജയ് എന്നിവരെയും അറസ്റ്റ് ചെയ്തു. രഹസ്യവിവരം പിന്തുടർന്ന് എൻസിബി കൊച്ചി മേഖലാ യൂണിറ്റാണ് ഇവരെ പിടിച്ചത്. ഡാർക് വെബ്ബിന്റെ സാന്നിധ്യം കേരളത്തിലും സജീവമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ശരത്തിന്റെ പേരിൽ കൊച്ചിയിലെത്തിയ പാഴ്‌സലിൽ 10 ലഹരി സ്റ്റാമ്പുകളാണുണ്ടായിരുന്നത്. തുടർന്നു നടത്തിയ രഹസ്യാന്വേഷണമാണ് നിർണ്ണായകമായത്. ഇടപാടുകാരിൽ നിന്ന് രൂപയായും ഡോളറായും പണം വാങ്ങുന്ന റാക്കറ്റ് ഇത് ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റിയാണു ഡാർക്വെബ്ബിൽ ലഹരി സ്റ്റാംപിനു ഓർഡർ നൽകുന്നത്. വ്യത്യസ്ത ഐപി അഡ്രസുകൾ ഉപയോഗിച്ചു വിവിധ പേരുകളിലാണു ഓർഡർ കൊടുക്കുക.

ഡാർക്വെബ് വഴിയുള്ള ലഹരി കടത്ത് തടയാൻ കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള 150 കുറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു സിറ്റി പൊലീസ് നടത്തിയ ബോധവൽക്കരണവും അറസ്റ്റിന് കാരണമായി. ഒരേ വിലാസത്തിൽ പതിവായി സംശയാസ്പദമായ കുറിയർ എത്തുക, കുറിയർ സ്ഥാപനത്തിൽ വ്യാജ വിലാസം നൽകിയ ശേഷം ഫോൺ മുഖേന ബന്ധപ്പെടുമ്പോൾ ഉപയോക്താവു നേരിട്ടെത്തി പാക്കറ്റ് കൈപ്പറ്റുക തുടങ്ങിയ രീതികൾ നിരീക്ഷിച്ചതാണ് നിർണ്ണായകമായത്.

നാലര കോടിയിലധികം വെബ് സൈറ്റുകളാണ് ഇത്തരത്തിൽ ഇന്റർനെറ്റിലുള്ളത്. എന്നാൽ ഈ വെബ്സൈറ്റുകൾ എല്ലാം ആകെയുള്ള ഇന്റർനെറ്റിന്റെ 16 ശതമാനത്തോളം മാത്രമേ വരികയുള്ളൂ. ലോകത്ത് നിലവിലുള്ള ഇന്റർനെറ്റിന്റെ 80 ശതമാനത്തിൽ അധികം വിവരം ഗൂഗിൾ പോലുള്ള സാധാരണ സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ ലഭിക്കില്ല. അവ പൊതുജനങ്ങൾക്ക് നേരിട്ട് കാണാനും കഴിയില്ല. ഡിപ് വെബിലും ഡാർക്ക് വെബിലുമാണ് അവയുള്ളത്.

ഫേസ്‌ബുക്കിലെ പ്രൈവറ്റ് ഷെയറുകൾ, പ്രൈവറ്റ് ചാറ്റുകൾ, ക്ലോസ്ഡ് ഗ്രൂപ്പുകൾ. വാട്സാപ്പ് മെസ്സേജുകൾ, നെറ്റ് ബാങ്കിങ് ഡാറ്റകൾ, പാസ്വേഡ് ഉപയോഗിച്ച് പ്രവേശിച്ചാൽ മാത്രം ലഭിക്കുന്ന കാര്യങ്ങൾ തുടങ്ങി വിവിധ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതും പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതുമായ എല്ലാ വിവരങ്ങളും ഡീപ്പ് വെബ്ബിലാണ് ഉള്ളത്. ഇവ സാധാരണമായി ഗൂഗിൾ സെർച്ച് ലിങ്കുകളിൽ പ്രത്യക്ഷപ്പെടുകയില്ല.

ഇന്റർനെറ്റിലെ അപകടച്ചുഴിയാണ് ഡാർക്ക് വെബ്. മയക്കുമരുന്നുകൾ, ആയുധങ്ങൾ, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏർപ്പെടുത്തൽ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുധമായ ഏത് കാര്യവും ഏർപ്പാടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാർക്ക് വെബ്. ബിറ്റ്‌കൊയിൻ എന്ന ഇന്റർനെറ്റ് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് ഡാർക്ക് വെബിലെ വിനിമയങ്ങൾ നടത്തുന്നത്.

ബിറ്റ്കൊയിൻ ഇടപാടിൽ ആര് ആർക്കു കൊടുത്തുവെന്ന് മൂന്നാമത് ഒരാൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല. നിയമവിരുദ്ധമായ കാര്യങ്ങളുടെ കൂടാരമാണ് ഡാർക്ക് വെബ്. ഇത്തരത്തിലുള്ളവയുടെ വില്പനയും ഇടപാടുകളും സേവനങ്ങളും എല്ലാം നൽകുന്ന ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ ചേർന്നതാണ് ഡാർക് വെബ്. ടോർ വെബ്സൈറ്റുകളാണ് ഡാർക്ക് വെബിലുള്ളത്. ഒരു ടോർ ക്ലയന്റ് ഉപയോഗിച്ച് മാത്രമേ ഇത്തരം വെബ്സൈറ്റുകളിലേക്ക് പ്രവേശനം സാധിക്കുകയുള്ളു. സാധാരണ കാണുന്ന വെബ്സൈറ്റുകളെ പോലെയല്ല ഡാർക്ക് വെബിലെ വെബ്‌സൈറ്റുകൾ.

ഡാർക് വെബിൽ ഒരു രാജ്യത്തിന്റെയും നിയമങ്ങൾ പ്രയോഗിക്കാനാവില്ല. വാങ്ങുന്നവനും വിൽക്കുന്നവനുമെല്ലാം തിരിച്ചറിയപ്പെടാത്ത സുരക്ഷിത ഇടങ്ങളിലിരുന്നാണ് ഇടപാട് നടത്തുന്നത്. എന്തു ചെയ്താലും ആരും അറിയില്ല എന്നതിനാൽ ഡാർക് വെബിൽ എന്തും സാധ്യമാണെന്നാണ് വിലയിരുത്തൽ. ഈ മേഖലയിലേക്ക് സൈബർ ഡോം കൂടുതൽ നിരീക്ഷണം നടത്തും. കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്.