നോയിഡ: ഗ്രേറ്റർ നോയിഡയിൽ ഭാര്യയുടെ ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലപ്പെട്ട യുവാവിന്റെ ബന്ധു ജോണിയും ഇയാളുടെ കൂട്ടാളിയുമാണ് പിടിയിലായത്. ജോണിയുടെ ഭാര്യയുടെ കസിനാണ് കൊല്ലപ്പെട്ട വിപിൻകുമാർ. ഭാര്യയുമായി ബന്ധുവായ യുവാവിന് രഹസ്യബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.

അലിഗഢ് സ്വദേശിയും നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനുമാണ് കൊല്ലപ്പെട്ട വിപിൻ കുമാർ. ഇക്കോടെക്ക്-3 പൊലീസ് സ്റ്റേഷന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റിൽനിന്ന് കിട്ടിയ പാൻ കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് വിപിൻകുമാറാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വിശദമായ അന്വേഷണം നടത്തുകയും ബന്ധുവായ ജോണി, ഇയാളുടെ കൂട്ടാളി ശ്യാംവീർ എന്നിവരെ പിടികൂടുകയുമായിരുന്നു.

ജോണിയും ഭാര്യയും കൊല്ലപ്പെട്ട വിപിൻകുമാറും അടുത്തടുത്താണ് താമസിച്ചിരുന്നത്. ബന്ധുവായ വിപിൻകുമാറുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നായിരുന്നു ജോണിയുടെ സംശയം. ഇതേത്തുടർന്നാണ് സുഹൃത്തായ ശ്യാംവീറുമായി ചേർന്ന് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ജനുവരി പത്താം തീയതിയാണ് രണ്ടുപേരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത്. വിപിൻകുമാറിനെ വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം ഇയാളെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മരിച്ചെന്ന് ഉറപ്പിച്ചതോടെ ഇരുവരും ചേർന്ന് ഇക്കോടെക്ക്-3 പൊലീസ് സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം വിപിൻകുമാറിന്റെ മൊബൈൽഫോൺ ശ്യാംവീറിന്റെ കൈവശമായിരുന്നു. ഈ ഫോണിൽ ഓൺലൈൻ വഴി വിപിന്റെ അക്കൗണ്ടിൽനിന്ന് 8400 രൂപയും പ്രതികൾ പിൻവലിച്ചിരുന്നു. വിപിന്റെ മൃതദേഹം കണ്ടെടുത്ത ദിവസം യാതൊരു ഭാവവ്യത്യാസവുമില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റം. മൃതദേഹം കണ്ടെത്തിയവിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പ്രതികൾ വിപിന്റെ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം സദാസമയം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.