കോട്ടയം: വാഹനാപകടമെന്നു കരുതിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. ചെങ്ങളം സൗത്ത് പതിനഞ്ചിൽപറമ്പിൽ പി.ജെ.കുഞ്ഞുമോന്റെ (57) അപകട മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ടൈൽസ് പണിക്കാരനായ കുഞ്ഞുമോൻ വഴിയിലൂടെ നടന്നുപോകവേ വ്യക്തിവൈരാഗ്യം മൂലം ഓട്ടോ ഡ്രൈവർ ഓട്ടോ കൊണ്ടിടിപ്പിച്ച് തോട്ടിൽ ഇടുകയായിരുന്നെന്ന് പൊലീസിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു.

ഓട്ടോ ഡ്രൈവറായ ചെങ്ങളം പുത്തൻപറമ്പിൽ പി.എം.ജോഷിമോൻ (ജോഷി42) ആണു കൃത്യമായ ആസൂത്രണത്തിലൂടെ കൊലനടത്തിയത്. ഓട്ടോ അപകടത്തെ തുടർന്നാണു മരണമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. ഈ എഫ്‌ഐആർ പ്രകാരമുള്ള കേസിൽ ജോഷി ജാമ്യത്തിൽ കഴിയവെയാണ് പുതിയ അന്വേണ റിപ്പോർട്ട് പുറത്ത് വന്നത്. ഇയാൾക്കെതിരെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 3ൽ പൊലീസ് പുതിയ അന്വേഷണ് റിപ്പോർട്ട് സമർപ്പിച്ചു. വ്യക്തിവൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നും പൊലീസ് കണ്ടെത്തി.

കുഞ്ഞുമോന്റെ സഹോദരൻ പി.ജെ.സണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 24നു വൈകിട്ട് 6ന് ആയിരുന്നു സംഭവം. വീട്ടുസാധനങ്ങൾ വാങ്ങാൻ വീടിനു സമീപത്തെ കടയിലേക്കു പോയ കുഞ്ഞുമോനെ പിന്നാലെ ഓട്ടോയിലെത്തിയ ജോഷി, ഇടിച്ചു തെറിപ്പിച്ച് തോട്ടിലേക്കു വീഴ്‌ത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഓട്ടോ നിർത്താതെ ഓടിച്ചുപോയി. തോടിനു സമീപത്തെ വീട്ടുകാർ ശബ്ദംകേട്ട് നോക്കിയപ്പോഴാണു സംഭവമറിയുന്നത്.

ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്ക്കും വാരിയെല്ലിനുമേറ്റ പരുക്കും ശ്വാസകോശത്തിൽ വെള്ളം കയറിയതുമാണു മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജോഷിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് അപകടമരണമാണെന്നു രേഖപ്പെടുത്തിയതിനാൽ കോടതി ജാമ്യത്തിൽ വിട്ടു. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് സമൻസ് അയയ്ക്കും. കുമരകം എസ്എച്ച്ഒ എ.എസ്.അൻസിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.