മഞ്ചേരി: മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യയാണ് തഹ്ദില(ചിഞ്ചു25). തഹ്ദിലയുടെ മരണത്തിൽ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴം രാത്രി ഒൻപതരയോടെയാണു തഹ്ദിലയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിസാറിന്റെ ബന്ധുക്കളാണ് ഇക്കാര്യം തഹ്ദിലയുടെ സഹോദരനെ അറിയിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു.

തുടർന്ന് പൊലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭർതൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യം വിദേശത്തുള്ള ഭർത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ട് ഏഴു മണി വരെ തഹ്ദില സഹോദരിയെ വിളിച്ചിരുന്നു. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

പത്ത് വർഷം മുമ്പായിരുന്നു തഹ്ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെൺകുട്ടി ഉൾപ്പെടെ നാലു മക്കളാണ് തഹ്ദിലക്കുള്ളത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പൊലീസ് അറിയിച്ചു. ഗാർഹിക പീഡനം മൂലമാണ് മരിച്ചതെന്ന് ആരോപിച്ച് ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് അസ്വാഭാവിക മരണത്തിനു പാണ്ടിക്കാട് പൊലീസ് കേസെടുത്തു. വിദേശത്തുള്ള ഭർത്താവ് നിസാർ ഇന്നലെ വൈകിട്ടോടെയാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കി. മക്കൾ: അസ്മൽ, അൻഫാൽ, എസിൻ ഫാറൂഖ്, ഫെല്ല മെഹ്‌റിൻ.