മാഹി: മാഹിയിൽ വ്യാജ പീഡന പരാതി നൽകി ലോഡ്ജ് ഉടമയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. വിവിധ ജില്ലകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി കാരക്കോട് വട്ടപ്പള്ളി വീട്ടിൽ മുഹമ്മദ് ഇഖ്ബാലാണ് (61) പൊലീസിന്റെ വലയിൽ വീണത്. ഇയാളെ മാഹി സബ് കോടതി റിമാൻഡ് ചെയ്തു.

ഏതാനും ദിവസം മുൻപ് മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ഇയാൾ മൂന്ന് ദിവസം താമസിക്കുകയും ഭാര്യ എന്ന വ്യാജേന ഒപ്പമുണ്ടായിരുന്ന സ്ത്രീയെ റൂം ബോയ് പീഡിപ്പിച്ചെന്നു വ്യാജപരാതി നൽകുകയുമായിരുന്നു.

പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയിൽ നിന്നു പണം തട്ടാനാണു പീഡനകഥ ചമച്ചതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയെന്ന പേരിൽ ഇയാൾ കൂടെ കൂട്ടിയത് ഭർത്താവ് ഉപേക്ഷിച്ച അറുപത്തിമൂന്നു വയസുകാരിയെയായിരുന്നു. ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ടായിരുന്നു പീഡിപ്പിച്ചെന്ന കള്ളപ്പരാതിയുണ്ടാക്കിയത്.

തൃശ്ശൂരിലും സമാനമായ രീതിയിൽ ഒരു കുടുംബത്തി നിന്ന് ശിവശങ്കർ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടെയുള്ള സ്ത്രീയെ ഇതിനായി ഉപയോഗിച്ചു. മാഹിയിലെ പരാതി ഒറിജിനലാണെന്ന് വരുത്താൻ സ്ത്രീയെ മർദിക്കുകയും ചെയ്തു. ഇവർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സ്ത്രീയുടെ ഭർത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ലെന്നും രക്ഷകനായി അടുത്തുകൂടിയ ഇയാൾ സ്ത്രീയെ ഭയപ്പെടുത്തുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതാണെന്നും പറയുന്നുണ്ട്.

സമാനമായ പരാതികൾ ഇയാൾ നേരത്തേയും നൽകിയതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വ്യാജപരാതിയുടെ ചുരുളഴിച്ചത്. മാഹി സിഐ: ആർ.ഷൺമുഖം അന്വേഷണത്തിന് നേതൃത്വം നൽകി.

മോഷണം നടത്തി പിടിയിലായാൽ വ്യാജ മേൽവിലാസവും പേരും നൽകുന്ന ഇയാൾക്ക് ശിവശങ്കർ, സൂര്യനാരായണൻ, മനു ബാബു, വിഷ്ണു, ജയപ്രകാശ്, മനോജ് പല്ലം തുടങ്ങിയ പേരുകളുമുണ്ട്. ചില കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

എസ്‌ഐ: സി.വി.റെനിൽ കുമാർ, ക്രൈം സ്‌ക്വാഡ് അഗംങ്ങളായ എഎസ്‌ഐ: കിഷോർ കുമാർ, സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, പി.ബീന, ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ, കെ.പ്രവീൺ, അഭിലാഷ് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.