- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശസ്ത്രക്രിക്ക് പിന്നാലെ യുവതിയുടെ മരണം; വിദഗ്ധ സർജന്മാർ പോസ്റ്റ്മോർട്ടം നടത്തും
ആലപ്പുഴ: ആലപ്പുഴയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കും. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കളക്ടർ ജോൺ വി സാമൂവൽ ഉത്തരവിട്ടത്.
സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായ ആശ ശരത്ത് ഇന്നലെ വൈകിട്ടാണ് മെസിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായതിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഇതിനായി വിദഗ്ധരായ സർജന്മാർ പോസ്റ്റ്മോർട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. രാവിലെ തുടങ്ങേണ്ടിയിരുന്ന പോസ്റ്റുമോർട്ടം ഇതുമൂലം വൈകി. ഉച്ചയോടെ സഹോദരൻ അരുണും മറ്റു ബന്ധുക്കളും ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി പരാതി നൽകി.
കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച ജില്ലാ കളക്ടർ ഒരു ഫോറൻസിക് സർജനും രണ്ട് പൊലീസ് സർജന്മാരും അടങ്ങുന്ന വിദഗ്ധ സംഘത്തെ പോസ്റ്റ്മോർട്ടത്തിന് നിയോഗിക്കാൻ നിർദ്ദേശം നൽകി. ആശയുടെ മരണത്തിന് കാരണം വനിതാ ശിശു ആശുപത്രിയിലെ പിഴവാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതിനിടെ ജി സുധാകരൻ മരിച്ച യുവതിയുടെ വീട്ടിലെത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് അവരെ ആശ്വസിപ്പിച്ചെന്ന് സുധാകരൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യം ഇല്ലാതെ ഇൻക്വസ്റ്റ് തയ്യാറാക്കിയതായും, മരണത്തിൽ സംശയമുള്ളതായും ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടതായി ജി സുധാകരൻ പറഞ്ഞു.
ആശയെ വെള്ളിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ആശ ഗുരുതരാവസ്ഥയിലായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. വിദേശത്ത് ജോലിചെയ്യുന്ന ആശയുടെ ഭർത്താവ് ശരത്ത് നാളെ നാട്ടിലെത്തും. ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.