- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സവാദിന്റെ ബന്ധുക്കൾ നേരിട്ട് ഹാജരാവണമെന്ന് എൻഐഎ നോട്ടീസ്
കൊച്ചി: മതനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ വിശദമായ ചോദ്യം ചെയ്യലിനായി പ്രതി സവാദിന്റെ ബന്ധുക്കൾ ഹാജരാകാൻ നോട്ടീസ് നൽകി ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയിലെ എൻഐഎയുടെ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ പതിമൂന്ന് വർഷം സവാദിനെ ഒളിവിലിരിക്കാൻ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് എൻഐഎ.
കൈവെട്ട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എൻഐഎ സംഘം കാസർകോട് മഞ്ചേശ്വരത്തെത്തിയിരുന്നു. 13 വർഷത്തിന് ശേഷം പിടിയിലായ മുഖ്യപ്രതി സവാദിന്റെ ഭാര്യയുടെ വീട്ടിലടക്കം എത്തിയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. മഞ്ചേശ്വരത്ത് നിന്നാണ് കൈവെട്ട് കേസ് പ്രതി സവാദ് വിവാഹം കഴിച്ചത്. വിവാഹം നടത്തിയ തുമിനാട് അൽ ഫത്തഹ് ജുമാമസ്ജിദ്, വിവാഹം രജിസ്റ്റർ ചെയ്ത ഉദ്യാവറിലെ ആയിരം ജുമാമസ്ജിദ് എന്നിവിടങ്ങളിലെത്തി എൻഐഎ സംഘം തെളിവെടുത്തു.
സവാദിന്റെ ഭാര്യയുടെ വീട്ടിലെത്തിയും എൻഐഎ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഭാര്യാ പിതാവ് അബ്ദുൽ റഹ്‌മാൻ, ഭാര്യ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ഷാജഹാൻ എന്ന പേരാണ് വിവാഹ വേളയിൽ സവാദ് രേഖകളിൽ നൽകിയിരുന്നത്. വിവാഹ രജിസ്റ്ററിൽ പിതാവിന്റെ പേര് മീരാൻകുട്ടിക്ക് പകരം നൽകിയത് കെ പി ഉമ്മർ എന്നാണെന്ന രേഖ പുറത്തുവന്നിരുന്നു.
ഈ വിവാഹ രജിസ്റ്ററിന്റെ കോപ്പി എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. തുമിനാട് അൽ ഫത്തഹ് ജുമാമസ്ജിദ് ഭാരവാഹികളായ ബപ്പൻകുഞ്ഞി, മുഹമ്മദ് എന്നിവരോട് സാക്ഷി മൊഴിയെടുക്കാനായി കൊച്ചി എൻഐഎ ഓഫീസിൽ എത്താൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 ന് ഓഫീസിൽ എത്താനാണ് നിർദ്ദേശം.
അതേ സമയം ദിവസങ്ങൾക്ക് മുൻപ് സവാദിനെ പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞിരുന്നു. എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. സവാദിനെ തിരിച്ചറിഞ്ഞു. പൗരൻ എന്ന നിലയിലുള്ള തന്റെ കടമ നിർവഹിച്ചു. താൻ ഇര മാത്രം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ് എന്നാണ് തിരിച്ചറിയൽ പരേഡിന് ശേഷം ടി ജെ ജോസഫ് പ്രതികരിച്ചത്.
കണ്ണൂർ മട്ടന്നൂർ പരിയാരം ബേരത്ത് വച്ചാണ് എൻഐഎ സംഘം പതിമൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാൻ കോളെജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നേരത്തെ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കേസിൽ കഴിഞ്ഞ വർഷം ജൂലൈ 13 നാണ് കോടതി കേസിലെ മറ്റു പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.
ഇത്രയും കാലം സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എൻഐഎ. സവാദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടിയിരുന്നു.