കൊല്ലം: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യ ജീവനൊടുക്കിയതിന് പിന്നിൽ മേലുദ്യോഗസ്ഥന്റേയും സഹപ്രവർത്തകരുടേയും മാനസിക പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ. ജോലി സംബന്ധമായ മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നു. അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്തായത്.

കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയിൽ പറയുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

ഇന്നലെയാണ് അനീഷ്യയെ വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചുവെന്നാണ് ശബ്ദരേഖയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോൺ സംഭാഷണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ വിടവാങ്ങൻ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു ആത്മഹത്യ. ഒമ്പത് വർഷമായി പരവൂർ കോടതിയിൽ എ പി പിയായി ജോലി ചെയ്യുന്ന അനീഷ്യ നേരിട്ടത് ക്രൂരമായ തൊഴിൽ മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ പരാതി.

ഇക്കാര്യം സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരവധി തവണ അനീഷ്യ അറിയിച്ചു. ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മർദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഡയറി പരവൂർ പൊലീസിന് കിട്ടി.

നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നു. മാവേലിക്കര സെഷൻസ് കോടതി ജഡ്ജ് അജിത്ത്കുമാറാണ് അനീഷ്യയുടെ ഭർത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുന്ന മകളുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം അനീഷ്യയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഞായറാഴ്ച രാവിലെയാണ് മരണം നടന്നതെന്നാണ് കരുതുന്നത്. മരണത്തിൽ ജോലി സംബന്ധമായ സമ്മർദമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.