- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാസപ്പടിയിൽ അന്വേഷണം നടത്തേണ്ടത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫസ് തന്നെ
കൊച്ചി: ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 135 കോടിരൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കേസ് കമ്പനികാര്യ നിയമപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫസ് തന്നെ അന്വേഷിക്കും. എസ്എഫ്‌ഐഒയുടെ അന്വേഷണ പരിധിയിൽ എല്ലാ പാർട്ടി നേതാക്കളും വരും.
പരിസ്ഥിതി പ്രശ്‌നങ്ങളും മലിനീകരണ വിപത്തും മറച്ചുവച്ചു കരിമണൽ ഖനനത്തിനും സിന്തറ്റിക് റൂട്ടൈൽ നിർമ്മാണത്തിനും ഒത്താശ ലഭിക്കാൻ രാഷ്ട്രീയ സഹായം ഫ്രോഡാണെന്ന നിലപാടാണ് ഇതിന ്കാരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനി എക്‌സാലോജിക്കിനെ അടക്കം പ്രതിക്കൂട്ടിൽ നിർത്തുന്ന, സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെടുന്ന കേസിൽ ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡും (ഐഎസ്ബി) അന്വേഷണം എസ്എഫ്‌ഐഒക്കു കൈമാറണമെന്നാണു ശുപാർശ ചെയ്തത്.
കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ (ഇ.ഡി.) അഴിമതിനിരോധന വകുപ്പു പ്രകാരം സിബിഐയോ അന്വേഷിക്കണമെന്ന ബെംഗളൂരുവിലെ കമ്പനി രജിസ്റ്റ്രാറിന്റെ ശുപാർശ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം നിലനിൽക്കുന്നതല്ല. എസ്എഫ്‌ഐഒ കേസ് അന്വേഷിക്കുന്ന ഘട്ടത്തിൽ മറ്റ് ഏജൻസികളൊന്നും സമാന്തര അന്വേഷണം നടത്തരുതെന്നാണ് വിധി. അതുകൊണ്ട് തന്നെ അതിന് ശേഷം മാത്രമേ ഇഡിയും സിബിഐയും എത്താൻ വഴിയുള്ളൂ. കേന്ദ്ര കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് എഫ്എഫ്‌ഐഒ പ്രവർത്തിക്കുന്നത്.
അതിനിടെ ഹർജിക്കാരനായ ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹർജി നൽകി. കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണു പുതുച്ചേരി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണം ഏൽപിച്ചത്. എന്നാൽ ഈ വകുപ്പു പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളിൽ മാത്രം ഒതുങ്ങുന്ന ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപഹർജി. ഇക്കാര്യത്തിൽ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം വേണമെന്നാണു ഷോൺ ജോർജ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എസ്എഫ്‌ഐഒ അന്വേഷിച്ചാൽ സിബിഐയും ഇ.ഡിയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നാണു വാദം. ഇതും കോടതിയിൽ ഗൗരവമേറിയ ചർച്ചയ്ക്ക് വഴിവയ്ക്കും. കേസിൽ വിട്ടു വീഴ്ചയ്ക്കില്ലെന്ന നിലപാടാണ് ഷോൺ ജോർജ് നൽകുന്നത്.
മാസപ്പടി വിവാദത്തിൽ വലിയ കൊള്ളയുടെ അറ്റം മാത്രമാണ് പുറത്ത് വന്നിട്ടുള്ളതെന്ന് പരാതിക്കാരനായ ഷോൺ ജോർജ് പറയുന്നു. കരിമണൽ കമ്പനിയിൽ നിന്ന് 135 കോടി രൂപ രാഷ്ട്രീയ കക്ഷി നേതാക്കൾ വാങ്ങിയെന്ന് കണ്ടെത്തിയിട്ടും ആരും പ്രതിഷേധിക്കുന്നില്ല. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട് കൂടി പുറത്ത് വന്നാൽ എല്ലാവരും ഞെട്ടുമെന്നും ഷോൺ ജോർജ് പറഞ്ഞു.
എക്‌സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഷോൺ ജോർജ് നേരത്തെ പറഞ്ഞിരുന്നു.
കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേത് മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്‌സാലോജിക്കെന്നും ഷോൺ ജോർജ് പറഞ്ഞു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച 'പി വി' പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോർജ് പറഞ്ഞു.