തിരുവനന്തപുരം: ഭർതൃ വീട്ടിലെ പീഡനത്തിൽ മനംനൊന്ത് തിരുവല്ലം സ്വദേശിനിയായ ഷഹാന ഷാജി ജീവനൊടുക്കിയ സംഭവത്തിൽ ഒരുമാസമായി ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. തിരുവനന്തപുരം കണ്ടലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭർത്താവ് നൗഫൽ, ഭർത്താവിന്റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്.

ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്തത്. പ്രതികൾ ഒരു മാസമായി ഒളിവിലായിരുന്നു. ഇവർക്ക് പൊലീസ് സംരക്ഷണം നൽകിയെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

നേരത്തെ കേസിൽ പ്രതികളെ സഹായിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. സിവിൽ പൊലീസ് ഓഫീസറായ നവാസിനെതിരെയായിരുന്നു നടപടി. ഒളിവിൽപ്പോയ പ്രതികളെ കണ്ടെത്തുന്നതിനായുള്ള പൊലീസ് നീക്കം പ്രതികളെ അറിയിച്ചതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ.

ഡിസംബർ 26-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഭർത്താവ് നൗഫലാലുമായി മൂന്നു മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. ഭർതൃവീട്ടുകാരുടെ മാനസികപീഡനവും ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പരാതി.

ഷഹാനയെ ആശുപത്രിയിൽ വെച്ച് വരെ ഭർതൃമാതാവ് മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഷഹാനയുടെ കുടുംബത്തിന്റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2020ലായിരുന്നു നൗഫൽ-ഷഹാന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കൾ പറയുന്നു.

പരിഹാസം പിന്നെ പീഡനമായി മാറി. നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്റെ ചികിത്സക്കായി പോയ സമയത്ത് ഷഹാനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.

അതിനിടെ, വീട്ടിലെത്തിയ നൗഫൽ വീട്ടിൽ നടക്കുന്ന സഹോദരന്റെ മകന്റെ പിറന്നാൾ ചടങ്ങിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഷഹാന കൂട്ടാക്കിയില്ല. തുടർന്ന് മകനുമായി വീട്ടിലേക്ക് പോയ നൗഫൽ അര മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിയില്ലെങ്കിൽ ഷഹാനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച ഷഹാന ആത്മഹത്യ ചെയ്തത്. പോത്തൻകോട് പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് ഷഹാനയുടെ ബന്ധുക്കളുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.