കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനായ 77കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ) ആണ് മരിച്ചത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ മന്ത്രിക്കും പഞ്ചായത്ത് അധികൃതർക്കും കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.

അയൽവാസികളാണ് ഇന്ന് ഉച്ചയ്ക്ക് ജോസഫിനെ വീട്ടിൽ നിലയിൽ കണ്ടെത്തിയത്. മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ ജോസഫ് പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപു ഭാര്യ മരിച്ചതോടെ, കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ അനാഥാലയത്തിലാക്കിയിരുന്നു.

തന്റെയും മകളുടെയും പെൻഷൻ 15 ദിവസത്തിനകം അനുവദിക്കണമെന്ന് മന്ത്രി, ജില്ലാ കലക്ടർ, പെരുവണ്ണാമൂഴി പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു ജോസഫ് പരാതി നൽകിയിരുന്നു. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചു. ഒരാഴ്ച മുൻപ് പഞ്ചായത്ത് സെക്രട്ടറിക്കു വീണ്ടും പരാതി നൽകിയിരുന്നു.

"മൂത്ത മകൾ ജിൻസി (47) കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണ് ഞാൻ നടക്കുന്നത്. ഞങ്ങൾ ജീവിക്കുന്നത് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വികലാംഗ പെൻഷൻ കൊണ്ടാണ്. പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് 15 ദിവസത്തിനകം എന്റെയും മകളുടെയും മുടങ്ങിയ പെൻഷൻ അനുവദിക്കണം. ഇല്ലെങ്കിൽ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാൻ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ െചയ്യാൻ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു." കത്തിൽ പറയുന്നു.

തനിക്കും കിടപ്പു രോഗിയായ മകൾക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. മന്ത്രി മുതൽ എല്ലാവർക്കും പരാതി നൽകി. ഇനിയും ഈ സർക്കാരിനെ വിശ്വസിച്ചിട്ട് ബോധ്യമില്ലെന്ന് മനസിലായതോടെയാണ് 77കാരൻ വീട്ടിൽ തൂങ്ങി മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം ജോസഫിന്റെ മരണം പെൻഷൻ കിട്ടാത്തതു കാരണമല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.

പെൻഷൻ ആവശ്യപ്പെട്ട് നവംബർ 9നാണ് അധികൃതർക്ക് ജോസഫ് പരാതി നൽകിയത്. മന്ത്രി കളക്ടർ പെരുവണ്ണാമൂഴി പൊലീസ് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. 15 ദിവസത്തിനകം മകളുടെയും എന്റെയും പെൻഷൻ കിട്ടിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ കെട്ടിത്തൂങ്ങുമെന്നും കടം വാങ്ങാൻ ഇനി ആരുമില്ലെന്നുമായിരുന്നു കത്തിൽ.