തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ മുൻ നേതാവുമായ എൻ.ഭാസുരാംഗന്റെ സ്വത്ത് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ നടപടി. കുടുംബാഗംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ 1.02 കോടിയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.

കണ്ടല ബാങ്ക് ക്രമക്കേടിൽ ഭാസുരാംഗനും മക്കളും അടക്കം ആറു പ്രതികൾക്കെതിരെ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇ.ഡി ആദ്യഘട്ട കുറ്റപത്രം നൽകിയിരുന്നു. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്. ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

കണ്ടല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ ഭാസുരാംഗൻ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തുവെന്നു ബാങ്ക് ഭാരവാഹികൾ അറിയിച്ചെന്ന് ഇ.ഡി നേരത്തേ കോടതിയിൽ വിശദീകരിച്ചിരുന്നു. സഹകരണ രജിസ്റ്റ്രാറുടെ അന്വേഷണത്തിൽ 57 കോടി രൂപയുടെ നഷ്ടം ബാങ്കിനു സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡിയുടെ നടപടി. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ടുമാസമായി എൻ ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്. കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. പ്രാഥമിക കുറ്റപത്രത്തിൽ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വർഷത്തോളം ബാങ്ക് പ്രസിഡണ്ടായിരുന്നു ഭാസുരാംഗൻ.

കണ്ടല സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഇ ഡി കുറ്റപത്രം നൽകിയത്. ഭാസുരാംഗനെയും മകനെയും കൂടാതെ ഭാര്യയും രണ്ട് പെൺമക്കളും കേസിൽ പ്രതികളാണ്.

വായ്പാ തട്ടിപ്പിലൂടെ പ്രതികൾക്ക് 3.22 കോടിയോളം രൂപ ലഭിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു. കണ്ടല ബാങ്കിൽനിന്ന് വക മാറ്റിയ പണം ഭാസുരാംഗനും കുടുംബാംഗങ്ങളും ബിസിനസ് സംരംഭങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി ഇ ഡി പറയുന്നു.

90 ലക്ഷം രൂപയാണ് മകന്റെ പേരിൽ മാത്രം എടുത്തത്. ഭാര്യയുടെ പേരിലും 85 ലക്ഷത്തിന്റെ വായ്പയുണ്ട്. രണ്ട് ഹോട്ടലുകളും ഒരു സൂപ്പർ മാർക്കറ്റും മകൻ വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ബെൻസ് കാറും മകൻ അഖിൽജിത്തിന്റെ പേരിലുണ്ട്.

വർഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായെന്നാണ് സഹകരണ വകുപ്പ് 2021-ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് ബാങ്കിനു നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണമെന്നും സഹകരണ വകുപ്പ് റിപ്പോർട്ടുണ്ടായിരുന്നു.

ഭാസുരാംഗനെ ഒന്നാംപ്രതിയാക്കിയാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്. ഭാര്യ ജയകുമാരി, മകൻ ജെ.ബി. അഖിൽജിത്ത്, അടുത്ത മൂന്ന് ബന്ധുക്കൾ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രേഖകളിൽ കൃത്രിമം നടത്തി 3.22 കോടി തട്ടിയെടുത്തെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.