തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒമ്പതു മാസം വളർച്ചയുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ. ശിശുവിന്റെ മുത്തശി നൽകിയ പരാതിയിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ഡോക്ടർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. അതേസമയം, കൃത്യമായ ചികിൽസയാണ് നൽകിയിട്ടുള്ളതെന്നും പിഴവുണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

അമ്പലപ്പുഴ തെക്ക് കമ്പിയിൽ വീട്ടിൽ ഹരികൃഷ്ണൻവന്ദന ദമ്പതികളുടെ ആൺ കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സൂസന്നക്കെതിരെ പൊലീസ് കേസെടുത്തത്. കുഞ്ഞിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് എട്ടു മുതൽ പന്ത്രണ്ട് വരെ വന്ദന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

വീണ്ടും കുഞ്ഞിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ വന്ദനയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഡോക്ടർ സൂസൻ വന്ദനയെ അഡ്‌മിറ്റ് ആക്കാൻ തയ്യാറായില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത വന്ദനയ്ക്ക് വൈകിട്ടോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. ബന്ധുക്കളുടെ നിർബന്ധപ്രകാരം നടത്തിയ സ്‌കാനിംഗിൽ ആണ് കുഞ്ഞ് വയറിനുള്ളിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

രാത്രി ഏഴു മണിയോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയ മാതാവ് വന്ദന തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.

സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതർ വെളിപ്പെടുത്തുന്നത് ഇങ്ങനെ:

വിദേശത്തായിരുന്ന യുവതി ഗർഭകാലം 26 ആഴ്‌ച്ച ആയിരിക്കെ കഴിഞ്ഞ നവംബർ ആറു മുതൽ ഗർഭകാല പരിചരണത്തിനും പരിശോധനകൾക്കുമായി പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയ്ക്കായ് വന്നു. തുടർന്ന് രക്തപരിശോധനകൾക്കും സ്‌കാനിങ്ങിനുമായി പത്തു ദിവസത്തിനുശേഷം വരാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ പരിശോധനയിൽ യുവതിക്ക് പ്രമേഹം കണ്ടെത്തുകയും അതു നിയന്ത്രിക്കുവാനായി ഭക്ഷണ ക്രമീകരണം നിർദേശിച്ചു.

മരുന്നുകൾ നൽകുകയും ചെയ്തു. തുടർന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയ ന്ത്രണത്തിലാവുകയും ചെയ്തു. 35 ആഴ്ച ഗർഭിണിയായിരിക്കെ അനക്കകുറവ് അനുഭവപ്പെടുകയും അതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്‌മിറ്റാക്കുകയും ഗർഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിനുവേണ്ടി സ്‌കാൻ ചെയ്യുകയും കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധന നടത്തുകയും ചെയ്തു. ഗർഭസ്ഥശിശുവിന്റെ ശ്വാസകോശത്തിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനായി സ്റ്റിറോയിഡ് ഇഞ്ചക്ഷൻ നൽകുകയും ചെയ്തൂ. ദിനംപ്രതിയുള്ള കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിനായി കുഞ്ഞിന്റെ അനക്കം അമ്മ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അമ്മയ്ക്കു കുഞ്ഞിന്റെ അനക്കം തൃപ്തികരമായതിനാലും കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാകയാലും അമ്മയെ ആശുപ്രതിയിൽ നിന്നും ജനുവരി 11 ന് ഡിസ്ചാർജ് ചെയ്തു.

പിന്നീട് അമ്മയ്ക്കു കുഞ്ഞിന്റെ അനക്കം കുറവായി തോന്നിയതിനാൽ ഒ.ബി.ജി അത്യാഹിത വിഭാഗത്തിൽ 13 ന് വന്നിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പു പരിശോധനയും അടിയന്തിര സ്‌കാനിങ്ങും നടത്തി കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്തു. അമ്മയ്ക്കു കുഞ്ഞിന്റെ അനക്കം തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം വീട്ടിലേക്കു വിടുകയും കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കുവാൻ പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തു. 36-ാം ആഴ്ചയിൽ ഗർഭകാല പരിശോധനകൾക്കായി 18 ന് അമ്മ ഒ.ബി.ജി ഒ.പി.ഡി യിൽ വരുകയും സ്‌കാനിങ്ങിനു വിധേയമാവുകയും കുഞ്ഞിന്റെ വളർച്ചയിലും കുഞ്ഞിലേയ്ക്കുള്ള രക്തയോട്ടത്തിലും അപാകതകളൊന്നും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു.

22 ന് പ്രസവത്തിനായി അഡ്‌മിറ്റാകുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അതേ ദിവസം ഒ.ബി.ജി ഒ.പി.ഡി യിൽ വരുകയും രണ്ടു ദിവസമായി തനിക്കു അനക്കകുറവു തോന്നിയിരുവെന്നും തലേദിവസം രാത്രി മുതൽ കുഞ്ഞിന് അനക്കമില്ലെന്നു പറയുകയും ചെയ്തു. അതിനെ തൂടർന്നു പരിശോധനയിൽ ഡോക്ടർക്കു കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉപയോഗിച്ചു. കേൾക്കാൻ സാധിക്കാത്തതിനാൽ എൻ.എസ്.ടി ചെയ്യാൻ നിർദേശിച്ചു. എൻ.എസ്.ടിയിലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ സാധിച്ചില്ല.

അതേ തുടർന്നു അടിയന്തിര സ്‌കാനിങ്ങിനായി അമ്മയെ റേഡിയോളജി വിഭാഗത്തിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. കുഞ്ഞ് അമ്മയുടെ ഉദരത്തിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയും ഈ വിവരം ഡോക്ടർ രോഗിയേയും ബന്ധുക്കളെയും അറിയിക്കുകയും ഇതേതുടർന്ന് അവർ കോപാകുലരാകുകയും ഡോകടറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നു വിവരം ആശുപ്രതി അധികൃതർ പൊലീസിനെ അറിയിച്ചു. കുഞ്ഞ് അമ്മയുടെ ഉദരത്തിൽ മരിച്ചുകിടക്കുന്നതിനാൽ മരുന്ന് വച്ച്പ്രസവിപ്പിക്കുന്നതിനെ കുറിച്ച് നിർദ്ദേശം നൽകി. എന്നാൽ അമ്മ ഈ ഉപദേശം നിരസിക്കുകയും അടിയന്തിരമായി സിസേറിയൻ ശസ്ത്രകിയ നടത്തുവാനായി ആവശ്യപ്പെടുകയും ചെയ്തു.

ഇതേതുടർന്നു അമ്മയെ അടിയന്തിര ശസ്രത്രകിയയ്ക്കു വിധേയമാക്കി. കുഞ്ഞിന്റെ മരണകാരണം കണ്ടെത്തുവാനായി പൊലീസ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചുവെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടറും സുപ്രണ്ടുമായ ഡോ. വി. ഏബ്രഹാം വർഗീസ് അറിയിച്ചു.