കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി സി.എം.ആർ.എല്ലുമായുള്ള ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓർഗനൈസേഷൻ അന്വേഷണത്തിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 12-ന് വീണ്ടും കേസ് പരിഗണിക്കും. എസ്.എഫ്.ഐ.ഒ. അന്വേഷണത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാത്തതിൽ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കി. അന്വേഷണം നടത്തുന്നത് സംബന്ധിച്ച് അഭിപ്രായം രൂപീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എൽ. കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കണ്ടെത്തലിൽ സീരിയസ് ഫ്രോണ്ട് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

കർണാടക രജിസ്റ്റ്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം, കമ്പനി നിയമം 210 അനുസരിച്ചുള്ള അന്വേഷണം ഇക്കാര്യത്തിൽ നടത്തിയിരുന്നു. എന്നാൽ 10 ലക്ഷം രൂപയിലേറെയുള്ള തട്ടിപ്പാണു നടന്നിരിക്കുന്നതെന്നു രജിസ്റ്റ്രാറുടെ റിപ്പോർട്ടിൽനിന്നും വസ്തുതകളിൽനിന്നും വ്യക്തമാണ്. ഇക്കാര്യത്തിൽ കമ്പനി നിയമത്തിന്റെ 447 വകുപ്പ് പ്രകാരമുള്ള കുറ്റമാണു ബാധകം.

ഇതുപ്രകാരം, തട്ടിപ്പ് കാട്ടിയിരിക്കുന്ന തുകയുടെ മൂന്നിരട്ടിയായി പിഴയായി ഈടാക്കുന്നതാണു പരമാവധി ശിക്ഷ. അതിനാൽ 212 വകുപ്പ് പ്രകാരം കേന്ദ്രസർക്കാർ എസ്എഫ്‌ഐഒയുടെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യം. എന്നാൽ ഇത്തരമൊരു അന്വേഷണത്തിന് നിർദ്ദേശം നൽകാൻ ഹൈക്കോടതിക്ക് ഉത്തരവിടാനാകുമോ എന്നതിൽ കൂടുതൽ വാദം തുടരും.

കെ.എസ്‌ഐ.ഡി.സി- സി.എം.ആർ.എൽ- എക്സാലോജിക്ക് ഇടപാടിനെക്കുറിച്ച് കേന്ദ്രകമ്പനികാര്യമന്ത്രാലയം അന്വേഷണം നടത്തിവരുന്നതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ ഉത്തരവ് കോടതിയിൽ ഹാജരാക്കി. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ.ഒ. അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കാത്തതിൽ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയത്.

കോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ കേന്ദ്രസർക്കാർ അഭിഭാഷകനോട് പറഞ്ഞു. എന്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ മറുപടിയിൽ താൻ തൃപ്തനല്ലെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രം കമ്പനികാര്യമന്ത്രാലയത്തിന്റെ ഹർജിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഹർജിക്കുതന്നെ പ്രസക്തിയില്ലെന്ന് കെ.എസ്‌ഐ.ഡി.സിയുടേയും സി.എം.ആർ.എല്ലിന്റേയും അഭിഭാഷകർ കേസ് പരിഗണിച്ച ഉടനെ തന്നെ കോടതിയെ അറിയിച്ചു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഷോൺ ജോർജിന്റെ ഹർജിക്ക് പ്രസക്തിയില്ലെന്നായിരുന്നു ഇരുഭാഗത്തിന്റേയും നിലപാട്. നിയമപരമായി തങ്ങൾക്കെതിരെ അന്വേഷണം നടത്താൻ കഴിയില്ലെന്നും കെ.എസ്‌ഐ.ഡി.സി. കോടതിയിൽ പറഞ്ഞു.

ഷോൺ ജോർജിന്റെ ഹർജിയിലെ പിഴവുകളിൽ ഒന്ന് പരിഹരിക്കാൻ അദ്ദേഹത്തിന് കോടതി അനുമതി നൽകി. മറ്റൊന്ന് കറക്ഷൻ പെറ്റീഷനിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് സമ്മർദം ചെലുത്തുന്ന രീതിയിൽ ഉത്തരവ് പാസാക്കാൻ പാടില്ലെന്ന് സി.എം.ആർ.എല്ലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

നിലവിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഈ വിഷയത്തിൽ അന്വേഷണം നടത്തിയതും വിഷയം സ്വമേധയാ പരിഗണിച്ചാണ്, അല്ലാതെ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല. അതുപോലെ എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ അഭിപ്രായപ്പെട്ടു. എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ കാര്യത്തിൽ കോടതിക്ക് നിർദ്ദേശം നൽകാമോ എന്ന കാര്യത്തിൽ വിശദമായി വാദം കേൾക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണത്തെ വാദത്തിനിടെ, സിഎംആർഎല്ലും കെഎസ്‌ഐഡിസിയും എതിർത്തു.

സിഎംആർഎല്ലിന്റെ എം.ഡി ശശിധരൻ കർത്തയും ഭാര്യയും പ്രൊമോട്ടർമാരായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് 77.58 ലക്ഷം രൂപ വീണ വിജയന് വായ്പ നൽകിയതിനെതിരെ അഡ്വ. ഷോൺ ജോർജ് കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതുൾപ്പെടെയുള്ള കേസുകളിൽ എസ്എഫ്‌ഐഒ അന്വേഷണം വേണമെന്നാണ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഉപഹർജിയിലും പറഞ്ഞിരിക്കുന്നത്.