തിരുവനന്തപുരം: വർക്കലയിൽ ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തി മോഷണം. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ നിന്നും നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം മോഷണം നടത്തിയത്. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിന്നിൽ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തൽ. സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

ഹരിഹരപുരം എൽ.പി. സ്‌കൂളിന് സമീപത്തെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. 74-കാരിയായ ശ്രീദേവിയമ്മയും മരുമകളും സ്‌കൂൾ പ്രിൻസിപ്പലുമായ ദീപയും ഹോം നഴ്സായ സിന്ധുവുമായിരുന്നു വീട്ടിൽ താമസം. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വർണ്ണവും പണവും അപഹരിക്കുകയായിരുന്നു. 15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാൾ സ്വദേശിയായ യുവതിയുടെ നേതൃത്വത്തിലാണ് കവർച്ച നടന്നത്.

ചൊവ്വാഴ്ച രാത്രി വീട്ടുടമയായ ശ്രീദേവിയമ്മമ്മയുടെ മകൻ ബെംഗളൂരുവിലാണ്. ഭാര്യ ദീപയെ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. എന്നാൽ, മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് അയൽവീട്ടിൽ വിളിച്ച് കാര്യമറിയിക്കുകയായിരുന്നു. അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധു എത്തിയപ്പോൾ വീട്ടിൽനിന്ന് നാലുപേർ ഇറങ്ങി ഓടുന്നതാണ് കണ്ടത്.

ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്നു നോക്കിയപ്പോൾ ശ്രീദേവിയമ്മയേയും ദീപയേയും സിന്ധുവിനേയും ബോധരഹിതരായ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള കമ്പിവേലിയിൽ കുരുങ്ങി ഒരാൾ കിടക്കുന്നത് കണ്ടു. ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളിൽ ഒരാളാണെന്ന് മനസിലായത്. ഇയാളുടെ ബാഗിൽ സ്വർണ്ണവും പണവും കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ ഒളിച്ചിരുന്ന മറ്റൊരാളെക്കൂടെ കണ്ടെത്തുകയായിരുന്നു. പിടികൂടിയ രണ്ടുപേരേയും അയിരൂർ പൊലീസിൽ ഏൽപ്പിച്ചു. വീട്ടു ജോലിക്ക് നിന്ന് യുവതിയടക്കം മൂന്ന് പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. വീടിന് സമീപം നാലംഗ സംഘം കറങ്ങി നടക്കുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആസൂത്രിതമായ മോഷണമാണെന്നാണ് പൊലീസ് നിഗമനം. മോഷണം ലക്ഷ്യമിട്ടാണ് യുവതി വീട്ടുജോലി തേടി ഇവിടെ എത്തിയതെന്നാണ് അനുമാനം. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനിരയായ മൂന്നുപേരേയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.