- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എപിപി അനീഷ്യയുടെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ(44)യുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വഷിക്കും. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണർ ബുധനാഴ്ച പുറത്തുവിട്ടു. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതായി കമ്മീഷണർ വ്യക്തമാക്കിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.
അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തായത്. തെളിവുകളടക്കമുള്ള വിവരങ്ങളെല്ലാം എഴുതിത്ത്തയ്യാറാക്കിയിട്ടുണ്ടെന്നും ഇവയിൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് കൈമാറാനുള്ള തീരുമാനം. ഞായറാഴ്ച രാവിലെയാണ് പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ അനീഷ്യയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്ത് ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് താനും ഭർത്താവും ഈ നിലയിലെത്തിയത്. തെറ്റായൊന്നും ചെയ്തിട്ടില്ല. ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. തെറ്റിനു കൂട്ടുനിൽക്കാത്തതിന് നിരന്തരം മാനസികപീഡനം നേരിടുകയാണ്. എന്തു ചെയ്യണമെന്നറിയില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഇതിൽ പറയുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്ക് അയച്ചതാണ് ശബ്ദസന്ദേശങ്ങൾ. അനീഷ്യയുടെ ഭർത്താവ് അജിത്ത്കുമാർ മാവേലിക്കര സെഷൻസ് കോടതി ജഡ്ജിയാണ്.
അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. മേലുദ്യോഗസ്ഥനും സഹപ്രവർത്തരും അനീഷ്യയെ മാനസികമായി പീഡിപ്പിച്ചെന്ന് അനീഷ്യയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അസ്വാഭാവികമരണത്തിന് പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, അഭിഭാഷകയുടെ മരണത്തിന് പിന്നാലെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നിരവധി അഭിഭാഷക സംഘടനകളും രാഷട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് കൈമാറാനുള്ള തീരുമാനം.
ആരോപണവിധേയരായ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, എപിപി എന്നിവർക്കെതിരെയുള്ള അനീഷ്യയുടെ ശബ്ദസന്ദേശങ്ങളും, പത്തൊൻപത് പേജുള്ള ഡയറിക്കുറിപ്പും പുറത്തുവന്നിട്ടും പരവൂർ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നായിരുന്നു ആക്ഷേപം. ആരോപണവിധേയരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെടുന്നത്.
നേരത്തെ അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി ലീഗൽ സെൽ സംസ്ഥാന സമിതി രംഗത്തെത്തിയിരുന്നു. എ പി പിയുടെ മേലധികാരിയായ കൊല്ലം ഡി ഡി പി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയിൽ ഇരക്ക് നീതി ലഭിക്കാൻ ഉത്തരവാദിത്വപ്പെട്ട പ്രോസിക്യൂട്ടർക്ക് തന്റെ മേലധികാരിയായ പ്രോസിക്യൂട്ടറിൽ നിന്ന് വലിയ മാനസിക പീഡനമുണ്ടായത് ചെറിയ കാണാനാവില്ല. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം. സംഭവത്തിൽ കൊല്ലം ജില്ലയിലെ അഭിഭാഷകർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധക്കൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ലീഗൽ സെൽ വ്യക്തമാക്കി.
സർക്കാരിൽ സ്വാധീനമുള്ള ആളുകളുടെ പിൻബലത്തിലാണ് കുറ്റക്കാർ ഒളിഞ്ഞിരിക്കുന്നതെന്നും വനിതാ എ എ പിയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാരിന്റെ നേതൃത്വത്തിൽ ജോലിയിൽ ഇരിക്കുന്നവരാണെന്നും ലീഗൽ സെൽ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കുറ്റക്കാർക്ക് യാതൊരു രാഷ്ട്രീയ സംരക്ഷണവും സംസ്ഥാന സർക്കാർ നൽകരുതെന്നും സുതാര്യമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.