ബംഗളൂരു: ബംഗ്ലൂരുവിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ് നാലു വയസുകാരി മരിച്ച സംഭവത്തിൽ സർവ്വത്ര ദുരൂഹത. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്ന് പോലും മാതാപിതാക്കൾക്ക് അറിയില്ല. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ മലയാളിയായ പ്രിൻസിപ്പൽ തോമസ് ചെറിയാൻ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാർ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ചെല്ലകെരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്‌കൂൾ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. മലയാളിയായ സ്‌കൂൾ പ്രിൻസിപ്പൽ ഇപ്പോഴും ഒളിവിലാണ്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്‌സിലെ പ്രീ സ്‌കൂൾ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി.
കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് സ്‌കൂൾ അധികൃതർ മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. തൊട്ടടുത്ത ചെറിയ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ കുഞ്ഞിന് ഗുരുതര പരിക്കുണ്ടെന്ന് കണ്ട അച്ഛനമ്മമാരാണ് ബെംഗളുരുവിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് കുട്ടിയെ മാറ്റിയത്.

വിദഗ്ധ ചികിത്സ നൽകാൻ എത്തിച്ചപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്ന് അച്ഛനമ്മമാർ പറയുന്നു. അവർ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിൽ എത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണു എന്നതും ദുരൂഹമാണ്. കുട്ടിക്ക് ഉയരകൂടുതൽ ഭയമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഉയരത്തിലേക്ക് സ്വയം പോകില്ലെന്നാണ് ഇവരുടെ നിഗമനം.

കളിക്കുന്നതിനിടെ കുട്ടി വീണുവെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ പിന്നീട് സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്കാണ് കുട്ടി വീണതെന്ന് അധികൃതർ മാറ്റി പറഞ്ഞു. കൃത്യമായ ചികിത്സ നൽകുന്നതിന് സ്‌കൂൾ അധികൃതർ തയാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഈ സമയം കൊണ്ട് തന്നെ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തനിയെ കുട്ടി എങ്ങനെയാണ് ടെറസിലെത്തിയതെന്നും അവിടെ നിന്ന് താഴേക്ക് വീണതെന്നും സംബന്ധിച്ച കാര്യം അവ്യക്തമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ഹെന്നൂർ പൊലീസിലും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെയും ബിനീറ്റ തോമസിന്റെയും മകൾ ജിയന്ന ആൻ ജിറ്റോയെ ചെല്ലികെരെയിലെ ഡൽഹി പ്രീസ്‌കൂൾ മുറ്റത്ത് പരിക്കേറ്റനിലയിൽ വീണുകിടക്കുന്നതു കണ്ടത്. സ്‌കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുട്ടിക്ക് ഗുരുതര പരിക്കുകളുള്ളതിനാൽ ബാപ്സ്റ്റിക് ആശുപത്രിയിലും പിന്നീട് ഹെബ്ബാൾ ആസ്റ്റർ സിം.എം.ഐ. മുഖത്തും തലയിലുമാണ് കുട്ടിക്ക് പരിക്കേറ്റിരിക്കുന്നത്. ഇതാണ് ദുരൂഹത കൂട്ടുന്നത്.

കളിക്കിടയിൽ ഓടുമ്പോൾ തല ചുമരിലിടിച്ച് കുട്ടി നിലത്തുവീണെന്നാണ് രക്ഷിതാക്കളോട് സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ ഈ രീതിയിലുണ്ടാകുന്ന പരിക്കുകളല്ല ഉയരത്തിൽനിന്ന് വീണതുകൊണ്ടുണ്ടാകുന്ന പരിക്കുകളാണ് കുട്ടിക്കുള്ളതെന്നും ഡോക്ടർമാർ അറിയിച്ചതായി രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞു. കെട്ടിടത്തിന്റെ ടെറസ്സിൽനിന്ന് കുട്ടി വീണിരിക്കാമെന്നാണ് രക്ഷിതാക്കളുടെ സംശയം. അതേസമയം, സ്‌കൂളിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചെങ്കിലും ഇവയിൽ ചിലത് പ്രവർത്തിക്കാതിരുന്നതിനാൽ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്ന ആയമാരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

കുട്ടികളെ നോക്കാൻ അധികൃതർ ചുമതലപ്പെടുത്തിയ ആയമാരുടെ നോട്ടക്കുറവ് കൊണ്ടാണ് കുട്ടി ദുരന്തത്തിനിരയായതെന്ന് കരുതുന്നു. കുട്ടി വീണത് ചുവരിൽ തട്ടിതെറിച്ചാണെന്ന മാനേജ്‌മെന്റിന്റെ വിശദീകരണം കള്ളമാണെന്നാണ് ആരോപണം. ആയമാർ ശ്രദ്ധിക്കാതായതോടെ കുട്ടി സ്‌കൂളിന്റെ മുകളിലത്തെ നിലയിൽ എത്തുകയും അവിടെ നിന്ന് വീഴുകയുമാണ് ഉണ്ടായതെന്ന് ജിയന്നയുടെ അച്ഛൻ ജിറ്റൊ ടോമി ജോസഫ് ആരോപിച്ചു. കുട്ടി കെട്ടിടത്തിന് മുകളിൽ നിന്നാണോ ചുവരിൽ തട്ടിയാണോ വീണതെന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.