ന്യൂഡൽഹി: ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ സുഹൃത്തുക്കൾ മർദിച്ചുകൊന്ന് കനാലിൽ തള്ളി. മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ടാണ് കൊലനടത്തിയതെന്നാണ് റിപ്പോർട്ട്. അഭിഭാഷകൻ കൂടിയായ ലക്ഷ്യ ചൗഹാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലക്ഷ്യയുടെ സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും.

ലക്ഷ്യയും വികാസും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിൽ. ലക്ഷ്യയുടെ പിതാവ് യഷ്പാൽ ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറാണ്. ഇരുപത്തിനാലുകാരനായ ലക്ഷ്യ, ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ്. അവിടത്തെ ക്ലാർക്കായിരുന്ന വികാസ് ഭരദ്വാജിൽനിന്ന് ലക്ഷ്യ കുറച്ച് പണം കടം വാങ്ങിയിരുന്നു. ഇത് ആവർത്തിച്ച് തിരിച്ചുചോദിച്ചിട്ടും ലക്ഷ്യ നൽകാൻ തയ്യാറായില്ല. ഇതിന്റെ പകയിൽ കഴിയുകയായിരുന്ന വികാസ് അഭിഷേകിനൊപ്പം ചേർന്ന് ലക്ഷ്യയെ വകവരുത്താൻ പദ്ധതി തയ്യാറാക്കി.

അങ്ങനെയിരിക്കേ ലക്ഷ്യ ഹരിയാനയിലുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതായി വികാസ് മനസ്സിലാക്കി. ഇക്കഴിഞ്ഞ ജനുവരി 22-ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ലക്ഷ്യ ഹരിയാണയിലേക്ക് പുറപ്പെട്ടു. ഇദ്ദേഹത്തിനൊപ്പം വികാസും അഭിഷേകും കൂട്ടുചേർന്നു. വിവാഹം കഴഞ്ഞ് അർധരാത്രിയിൽ മൂവർ സംഘം തിരികെ മടങ്ങി. മടങ്ങുന്നതിനിടെ നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരം വാഷ് റൂം ആവശ്യത്തിനായി സുഹൃത്തുക്കൾ കാർ ഒരിടത്ത് നിർത്തിച്ചു.

പാനിപ്പത്ത് മുനക് കനാലിനു സമീപത്തായിരുന്നു കാർ നിർത്തിയത്. കാറിൽനിന്ന് ഇറങ്ങിയ ഉടനെ ലക്ഷ്യയെ മറ്റു രണ്ടുപേർ ചേർന്ന് മർദിച്ച് കൊല്ലുകയും തുടർന്ന് കനാലിൽ തള്ളുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തുന്നതിനായി പരിശോധന നടത്തുകയാണ് പൊലീസ്. സംഭവത്തിൽ അഭിഷേകിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വികാസിനായി തിരച്ചിൽ തുടരുന്നു. മകനെ കാണാനില്ലെന്ന് അറിയിച്ച് എ.സി.പി. നൽകിയ പരാതിയിലാണ് പൊലീസ് പരിശോധന ആരംഭിച്ചത്.