ബംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്‌കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത് സിസിടിവി ദൃശ്യങ്ങൾ അടക്കം അപ്രത്യക്ഷമായ സാഹചര്യത്തിൽ. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോ(4)യാണ് കഴിഞ്ഞദിവസം ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.

സ്‌കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആക്ഷേപം. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് ഉയരുന്ന സംശയം. ഇതിന് പിന്നാലെയാണ് സ്‌കൂളിന്റെ പ്രിൻസിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരൻ എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ മരണത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നിൽ ദുരൂഹത മാത്രമാണ് നിറയുന്നത്.

കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും വീട്ടുകാർ ഇടപെട്ട് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്‌കൂൾ പ്രിൻസിപ്പലിനെയും ജീവനക്കാരെയും പ്രതി ചേർത്ത് കേസെടുത്തത്.

കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്ന് പോലും മാതാപിതാക്കൾക്ക് അറിയില്ല. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ മലയാളിയായ പ്രിൻസിപ്പൽ തോമസ് ചെറിയാൻ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാർ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ചെല്ലകെരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്‌കൂൾ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. മലയാളിയായ സ്‌കൂൾ പ്രിൻസിപ്പൽ ഇപ്പോഴും ഒളിവിലാണ്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്‌സിലെ പ്രീ സ്‌കൂൾ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി.

കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് സ്‌കൂൾ അധികൃതർ മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. തൊട്ടടുത്ത ചെറിയ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ കുഞ്ഞിന് ഗുരുതര പരിക്കുണ്ടെന്ന് കണ്ട അച്ഛനമ്മമാരാണ് ബെംഗളുരുവിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് കുട്ടിയെ മാറ്റിയത്. വിദഗ്ധ ചികിത്സ നൽകാൻ എത്തിച്ചപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്ന് അച്ഛനമ്മമാർ പറയുന്നു. അവർ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിൽ എത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണു എന്നതും ദുരൂഹമാണ്. കുട്ടിക്ക് ഉയരകൂടുതൽ ഭയമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഉയരത്തിലേക്ക് സ്വയം പോകില്ലെന്നാണ് ഇവരുടെ നിഗമനം.

കളിക്കുന്നതിനിടെ കുട്ടി വീണുവെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ പിന്നീട് സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്കാണ് കുട്ടി വീണതെന്ന് അധികൃതർ മാറ്റി പറഞ്ഞു. കൃത്യമായ ചികിത്സ നൽകുന്നതിന് സ്‌കൂൾ അധികൃതർ തയാറായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഈ സമയം കൊണ്ട് തന്നെ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തനിയെ കുട്ടി എങ്ങനെയാണ് ടെറസിലെത്തിയതെന്നും അവിടെ നിന്ന് താഴേക്ക് വീണതെന്നും സംബന്ധിച്ച കാര്യം അവ്യക്തമാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെയും ബിനീറ്റ തോമസിന്റെയും മകൾ ജിയന്ന ആൻ ജിറ്റോയെ ചെല്ലികെരെയിലെ ഡൽഹി പ്രീസ്‌കൂൾ മുറ്റത്ത് പരിക്കേറ്റനിലയിൽ വീണുകിടക്കുന്നതു കണ്ടത്. സ്‌കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുട്ടിക്ക് ഗുരുതര പരിക്കുകളുള്ളതിനാൽ ബാപ്സ്റ്റിക് ആശുപത്രിയിലും പിന്നീട് ഹെബ്ബാൾ ആസ്റ്റർ സിം.എം.ഐ. മുഖത്തും തലയിലുമാണ് കുട്ടിക്ക് പരിക്കേറ്റിരിക്കുന്നത്. ഇതാണ് ദുരൂഹത കൂട്ടുന്നത്.

കളിക്കിടയിൽ ഓടുമ്പോൾ തല ചുമരിലിടിച്ച് കുട്ടി നിലത്തുവീണെന്നാണ് രക്ഷിതാക്കളോട് സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ ഈ രീതിയിലുണ്ടാകുന്ന പരിക്കുകളല്ല ഉയരത്തിൽനിന്ന് വീണതുകൊണ്ടുണ്ടാകുന്ന പരിക്കുകളാണ് കുട്ടിക്കുള്ളതെന്നും ഡോക്ടർമാർ അറിയിച്ചതായി രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞു. കെട്ടിടത്തിന്റെ ടെറസ്സിൽനിന്ന് കുട്ടി വീണിരിക്കാമെന്നാണ് രക്ഷിതാക്കളുടെ സംശയം. അതേസമയം, സ്‌കൂളിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചെങ്കിലും ഇവയിൽ ചിലത് പ്രവർത്തിക്കാതിരുന്നതിനാൽ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.