കൊച്ചി: ഹൈറിച്ച് ഓൺലൈൻ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തു വരും. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എൽ എ കോടതി ഇന്നു പരിഗണിക്കും. കമ്പനിയുടമകളായ കെ ഡി പ്രാതാപനും ഭാര്യ ശ്രീനയുമാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയെ എതിർക്കും. ഇതിന് വേണ്ടി ഇഡി കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നാണ് സൂചന. കോടതി നിലപാടും കേസിൽ നിർണ്ണായകമാണ്.

മണിച്ചെയിൻ മാതൃകയിൽ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. വിദേശത്തേക്ക് ഹവാലയായി 100 കോടിയിൽപ്പരം രൂപ കടത്തിയതായും കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ ഡി റെയ്ഡ് നടത്താനെത്തിയപ്പോൾ രണ്ടും പേരും മുങ്ങുകയായിരുന്നു. ഒളിവിൽ കഴിയുന്ന ഇവരുടെ പേരിലുള്ള 200 കോടിരൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. ഹൈറിച്ചുകാർക്ക് വമ്പൻ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. കണ്ണൂരിലാണ് ഒളിവിലുള്ളതെന്നാണ് സൂചന. ഇതെല്ലാം പരിഗണിച്ച് കോടതിയിൽ ശക്തമായ വാദം ഇഡി നിരത്തും.

ഓൺലൈൻ ഷോപ്പിക്ക് പുറമെ ക്രിപ്‌റ്റോ കറൻസി, ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്നിവയുടെ മറവിലും ഹൈറിച്ച് ഉടമകൾ വൻതട്ടിപ്പ് നടത്തിയതായി ഇ.ഡി പറയുന്നു. ക്രിപ്‌റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറവിൽ ഹൈറിച്ച് ഉടമകൾ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. 1157 കോടി രൂപ സമാഹരിച്ച ഉടമകൾ ഈ പണം സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റി. 500 ശതമാനം വരെ വാർഷികലാഭം വാഗ്ദാനം ചെയ്തായിരുന്നു എച്ച്.ആർ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്.

23, 24 തീയതികളിൽ ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിലാണ് നിർണായക വിവരങ്ങൾ ഇ.ഡി ശേഖരിച്ചത്. നിക്ഷേപകരെ വഞ്ചിച്ച് 1157.32 കോടി രൂപയാണ് ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും സമാഹരിച്ചത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി മൾട്ടിലെവൽ മാർക്കറ്റിങ് സ്‌കീമിന്റെ പേരിൽ അംഗത്വഫീസ് എന്ന പേരിലായിരുന്നു ധനസമാഹരണം. അക്കൗണ്ട് രേഖകളിൽ ഇത് രേഖപ്പെടുത്തിയത് പലചരക്ക് വാങ്ങുന്നതിനുള്ള അഡ്വാൻസ് എന്ന നിലയിലാണ്. 1157 കോടിയിൽ 1138 കോടി എച്ച്.ആർ കോയിൻ എന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്.

ഇത്തരത്തിൽ സമാഹരിച്ച തുകയുടെ ഒരു വിഹിതം അംഗങ്ങൾക്ക് കമീഷനായി നൽകി. ശേഷിച്ച തുക മറ്റ് പല ഇടപാടുകളിലേക്ക് വകമാറ്റിയതായും ഇ.ഡി കണ്ടെത്തി. ക്രിപ്‌റ്റോ കറൻസിയാണ് ഇതിലൊന്ന്. ഹൈറിച്ച് സ്മാർടെക് എന്ന കമ്പനിയുടെ പേരിലായിരുന്നു ഈ ഇടപാട്. 2022- 23 സാമ്പത്തിക വർഷം ക്രിപ്‌റ്റോ കറൻസിക്കായി സമാഹരിച്ചത് 20 കോടിയാണ്. 2023-24 സാമ്പത്തിക വർഷം എട്ടുലക്ഷവും സമാഹരിച്ചു. ക്രിപ്‌റ്റോ ഇടപാടിലെ നിക്ഷേപകർക്ക് 15 ശതമാനം പലിശയായിരുന്നു വാഗ്ദാനം.

നിക്ഷേപം നടത്തുന്നവർക്ക് ടോക്കൺ കൈമാറും. ഇത് ഉപയോഗിച്ച് മണി എക്‌സ്‌ചേഞ്ചുകളിൽ ട്രേഡിങ് നടത്താമെന്നും വാഗ്ദാനം ചെയ്തു. ഇതുവരെ ഒരു എക്‌സ്‌ചേഞ്ചിലും എച്ച്.ആർ ക്രിപ്‌റ്റോ ഉപയോഗിച്ച് വ്യാപാരം നടന്നിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തി. കോടികളാണ് പ്രതാപൻ -ശ്രീന ദമ്പതികളുടെയും കമ്പനികളുടെയും പേരിലുള്ള അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നത്. നാല് ബാങ്കുകളിലായി ഉണ്ടായിരുന്ന 30 അക്കൗണ്ടുകളിൽ 76 കോടിയും രണ്ട് ബാങ്കിലായി 135 കോടിയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തി. ഇവയാണ് ഇ.ഡി മരവിപ്പിച്ചത്.