- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ് മെഷീനിൽ നിന്നും കണ്ടെടുത്ത തലയണ കവറും ബെഡ്ഷീറ്റും നിർണായകമായി; തെളിവുകൾ നശിപ്പിക്കാൻ നടത്തിയ ശ്രമം പിടിക്കപ്പെട്ടതോടെ കുറ്റം സമ്മതിച്ച് പ്രതി; സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തിയ ഭർത്താവിനെ കുടുക്കിയത് അന്വേഷണ സംഘത്തിന്റെ മികവ്
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ ഭാര്യയെ തൊഴിൽരഹിതനായ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവായത് നിർണായക തെളിവുകൾ അതിവേഗം കണ്ടെത്തിയ അന്വേഷണ മികവ്. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്ന തുമ്പ് പൊലീസിന് ലഭിച്ചത് വീട്ടിലെ വാഷിങ് മെഷീനിൽ നിന്നുമായിരുന്നു. തെളിവുകൾ ഇല്ലാതാക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ഭർത്താവ് ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടിവീഴുകയായിരുന്നു.
ഡിൻഡോരി ജില്ലയിലെ ഷാഹ്പുരയിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായ നിഷ നാപിത് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മനീഷ് ശർമ (45) ഭാര്യ നിഷയെ ശ്വാസം മുട്ടിപ്പിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ സഹോദരിയുടെ പരാതിയിൽ വിശദമായ അന്വേഷണത്തിന് മനീഷിന്റെ വീട്ടിലെത്തിയതോടെയാണ് പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചത്.
തലയണയുപയോഗിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം നിഷയുടെ രക്തക്കറ പുരണ്ട തലയണയുറയും ബെഡ്ഷീറ്റും കഴുകുന്നതിനായി മനീഷ് വാഷിങ്മെഷീനിൽ ഇട്ടിരുന്നു. ഇത് മനീഷിന്റെ വീട്ടിൽ നിന്നും പൊലീസ് അപ്രതീക്ഷിതമായി കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് തലയണയുറയിൽ പുരണ്ട രക്തം നിഷയുടേതാണെന്ന് സ്ഥിരീകരിച്ചത്.
ഉന്നത നിയമനം ലഭിച്ച നിഷ തന്റെ സർവീസ് ബുക്കിലെയോ ഇൻഷുറൻസിന്റേയോ ബാങ്ക് അക്കൗണ്ടിന്റേയോ നോമിനിയായി ചേർക്കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണത്തിന് വേണ്ടി മനീഷ് നിഷയെ ഉപദ്രവിച്ചിരുന്നുവെന്ന സഹോദരി നിലിമയുടെ മൊഴിയാണ് കേസന്വേഷണത്തിൽ നിർണായകമായത്.തന്റെ സഹോദരിക്ക് ഒരു അസുഖവും ഇല്ലായിരുന്നുവെന്നും പണത്തിന് വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് നിഷ പറഞ്ഞിട്ടുണ്ടെന്നും സഹോദരി മൊഴി നൽകി. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട നിഷയും മനീഷും 2020ലാണ് വിവാഹിതരായത്. മനീഷ് തൊഴിൽരഹിതനായിരുന്നു.
ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മനീഷ് നിഷയെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും നിഷയുടെ മരണം സംഭവിച്ചിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി. ഇതൊരു സ്വാഭാവിക മരണമാണെന്ന് സ്ഥാപിക്കാനാണ് മനീഷ് ശ്രമിച്ചത്. നിഷയ്ക്ക് വൃക്കസംബന്ധമായ അസുഖമുണ്ടെന്ന് മനീഷ് പറഞ്ഞു. എന്നാൽ നിഷയ്ക്ക് ഒരു അസുഖമുണ്ടായിരുന്നില്ലെന്ന് സഹോദരി നീലിമ പൊലീസിനോട് വ്യക്തമാക്കി.
മനീഷ് പൊലീസിനോട് പറഞ്ഞതിങ്ങനെ- 'നിഷയ്ക്ക് വൃക്ക സംബന്ധമായ രോഗമുണ്ടായിരുന്നു. നിഷ ശനിയാഴ്ച ഉപവാസത്തിലായിരുന്നു. അന്ന് രാത്രി അവൾ ഛർദ്ദിച്ചു. മരുന്ന് നൽകി. ഞായറാഴ്ച രാവിലെ ഞാൻ വൈകിയാണ് എഴുന്നേറ്റത്. ഞായറാഴ്ചയായതിനാൽ നിഷയ്ക്കും ജോലിയില്ലായിരുന്നു. 10 മണിക്ക് വേലക്കാരി വന്നതിന് ശേഷം ഞാൻ പുറത്തു പോയി. ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ചെത്തിയപ്പോഴും നിഷ ഉണർന്നിട്ടില്ല. ഞാൻ അവളെ ഉണർത്താൻ ശ്രമിച്ചു, സിപിആർ നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.'
ഡോക്ടർമാർ പരിശോധിച്ചപ്പോൾ നിഷയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നതായി കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സാക്ഷി മൊഴികൾ, കുറ്റകൃത്യം നടന്ന വീട്ടിൽ നിന്ന് ലഭിച്ച തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. നിഷയുടെ സർവീസ് ബുക്കിലും ഇൻഷുറൻസിലും ബാങ്ക് അക്കൗണ്ടിലും നോമിനിയായി തന്റെ പേര് നൽകാത്തത് ഭർത്താവ് മനീഷ് ശർമ്മയെ അസ്വസ്ഥനാക്കിയെന്ന് പൊലീസ് പറഞ്ഞു.
തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. അതിനു ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. രക്തം പുരണ്ട നിഷയുടെ വസ്ത്രങ്ങൾ കഴുകി. വാഷിങ് മെഷീനിൽ നിന്ന് തലയണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. മനീഷിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 304 ബി, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (ഡിഐജി) മുകേഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ