ന്യൂഡൽഹി: പെൺസുഹൃത്തിന് മറ്റൊരു പ്രണയബന്ധമുണ്ടെന്ന സംശയത്താൽ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിൽ 21കാരനായ ബുദ്ധ് വിഹാർ സ്വദേശി അറസ്റ്റിൽ. പ്രണവ് കുമാർ എന്ന പാണ്ഡവാണ് അറസ്റ്റിലായത്. അവസാനമായി കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ആളില്ലാത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയാണ് കൊലപാതകം നടത്തിയത്. കത്തികൊണ്ടുള്ള 50 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും ചെയ്തിരുന്നു.

ജനുവരി 25ന് ഷാകൂർ ബസ്തി റെയിൽവേ ട്രാക്കിന് സമീപമായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണമാണ് നടത്തിയത്. യുവതിയും താനും ഒന്നര വർഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അടുത്തിടെ തന്നെ യുവതി അവഗണിച്ചിരുന്നു. കൂടാതെ യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് മനസ്സിലാകുകയും ചെയ്തതോടെയാണ് കൃത്യം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

യുവതിയുടെ കഴുത്ത് മൂർച്ചയേറിയ ആയുധമുപയോഗിച്ച് കീറിയ നിലയിലായിരുന്നു. നിരവധി തവണ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളിലുൾപ്പടെ ഇരുപതിലധികം വെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. രക്തക്കറ പറ്റിയ തകർന്ന ഒരു കത്തിയും ഷേവിങ് ബ്ലെയ്ഡും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി.

തുടർന്ന് റാണഭാഗ് പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്‌പെക്ടർ ജിതേന്ദർ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് സൗഹൃദം ക്രൂരമായ കൊലപാതകത്തിലെത്തിയ കഥ പുറത്താകുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി 100 മണിക്കൂറിലധികം ദൈർഘ്യമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്നാണ് പാണ്ഡവിനെ തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പാണ്ഡവ് കുറ്റം സമ്മതിച്ചു. ബിഹാർ സ്വദേശികളാണ് പാണ്ഡവും യുവതിയും. ഒന്നരവർഷമായി പര്‌സപരം അറിയാം. എന്നാൽ കുറച്ചുനാളുകളായി യുവതി പാണ്ഡവിനെ അവഗണിക്കുകയാണെന്ന് അയാൾക്ക് തോന്നി. ഇതോടെ യുവതിക്ക് വേറെ പ്രണയബന്ധമുണ്ടെന്ന് കരുതിയ പ്രതി അവളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

രണ്ട് കത്തികളുമായാണ് പാണ്ഡവ് യുവതിയെ കാണാനായി എത്തിയത്. തന്റെ വാടകവീട്ടിൽ കഴിയണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി വഴങ്ങിയില്ല. ഇതോടെ യുവതിയെ റെയിൽവേ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ കത്തി ഉപയോഗിച്ച് യുവതിയുടെ ദേഹത്ത് കുത്തിയ ഇയാൾ യുവതി മരിച്ചെന്ന് ഉറപ്പായതോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.