കോട്ടയം: ഇക്കഴിഞ്ഞ നവംബറിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് കോട്ടയം അതിരമ്പുഴ സ്വദേശി ഷൈമോൾ സേവ്യർ ഭർതൃവീട്ടിൽ കൊല്ലപ്പെടുന്നത്. ഷൈമോളുടെ മരണത്തിന്റെ ദുരൂഹത പൊലീസ് അന്വേഷിക്കുമ്പോൾ പുറത്ത് വരുന്നതാകട്ടെ അതിക്രൂര പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകളും. കേട്ടാൽ പോലും ഭയം തോന്നുന്ന ക്രൂരതകൾക്ക് ഇരയായാണ് ആ 24 കാരി ഈ ലോകത്തോട് വിടപറഞ്ഞത്. ഷൈമോളെ കൊലപ്പെടുത്തിയവരാവട്ടെ ജാമ്യമെടുത്ത് ഈ സമൂഹത്തിൽ തന്നെ വിലസുന്നു.

ഡിഗ്രി വിദ്യാർത്ഥിയായിരിക്കെയാണ് ഷൈമോൾ അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിക്കൊപ്പം ഇറങ്ങിപ്പോയത്. ഭർതൃവീട്ടിൽ സന്തോഷമായി കഴിയുന്നു എന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ ഭർതൃവീട്ടിൽ ജീവിച്ച ആ നാലു വർഷവും കൊടിയ പീഡനത്തിനാണ് ആ യുവതി ഇരയായത്. ഇക്കാര്യം ഷൈമോൾ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഷൈമോളെ വീട്ടുകാർക്ക് ഒരിക്കൽപോലും നേരിട്ടു വിളിക്കാൻ കഴിയുമായിരുന്നില്ല. ഭർത്താവിന്റെയോ ഭർതൃമാതാവിന്റെയോ ഫോൺ എടുത്ത് രഹസ്യമായിട്ടാണ് അമ്മയെ വിളിച്ചിരുന്നത്. ഷൈമോൾ തന്റെ ദുരിതങ്ങളെല്ലാം പങ്കുവച്ചിരുന്നത് ഭർതൃ സഹോദരന്റെ ഭാര്യയോടാണ്. മദ്യപിച്ചെത്തി ഭർത്താവ് സ്ഥിരമായി മർദിക്കുന്നതും ഭർതൃപിതാവ് മോശമായി പെരുമാറിയതും ഭർതൃമാതാവിന്റെ മാനസിക പീഡനങ്ങളുമെല്ലാം ആ മെസേജുകളിലുണ്ടായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദനം. യുകെയിൽ താമസിക്കുന്ന അവരാണ് ഷൈമോളുടെ അമ്മയെ ഇക്കാര്യങ്ങൾ അറിയിച്ചത്.

മരണത്തിന് ഐതാനും ദിവസങ്ങൾക്ക് മുമ്പ് ഭർതൃവീട്ടുകാരറിയാതെ ഒരു ദിവസം കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയ ഷൈമോൾ അവൾ അനുഭവിച്ച പീഡകൾ അമ്മയോടു പറഞ്ഞു. മർദനത്തിന്റെയും പൊള്ളലിന്റെയും പാടുകൾ കാണിച്ചുകൊടുത്തു. വീണ്ടും ആ വീട്ടിലേക്ക് പോകില്ലെന്ന് അമ്മയോടു സത്യം ചെയ്തു പൊട്ടിക്കരഞ്ഞു. നവംബർ അഞ്ചിനായിരുന്നു ഇത്. മകൾ നേരിട്ട പീഡനം അറിഞ്ഞതോടെ ഷെമോളുടെ വീട്ടുകാർ അന്നുതന്നെ അനിലിന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചു. എന്നാൽ അവൾക്ക് ഇനി ഒരു ഉപദ്രവവും ഉണ്ടാവില്ലെന്ന് അനിലും മാതാപിതാക്കളും ഉറപ്പു നൽകി തിരികെ കൊണ്ടു പോയി. പിന്നെ പുറത്ത് വരുന്നതാവട്ടെ ഷൈമോളുടെ മരണ വിവരവും.

2023 നവംബർ ഏഴിനാണ് ഷൈമോൾ കൊല്ലപ്പെടുന്നത്. ഹാർട്ട് അറ്റാക്ക് എന്നു പറഞ്ഞാണ് ഷൈമോളെ ഭർതൃവീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിലെ മുറിവുകൾ കണ്ട് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ക്രൂര പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഷൈമോളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. പ്രധാനമായും നാലു തരം മുറിവുകളാണ് അതിൽ പറയുന്നത്.

നെഞ്ചിനേറ്റ കനത്ത പ്രഹരത്തെത്തുടർന്ന് നെഞ്ചിന്റെ ഭിത്തി (sternum) പൊട്ടിയുണ്ടായ രക്തസ്രാവം. ആണ് അതിൽ പ്രധാനം. മാത്രമല്ല കൊടിയ മർദനത്തെത്തുടർന്ന് വയറിനുള്ളിൽ കെട്ടിക്കിടന്നത് അര ലീറ്റർ കറുത്ത രക്തം. മൂന്നാമത്തേത് കയറിൽ തൂങ്ങിയപ്പോൾ കഴുത്തിലുണ്ടായ മുറിവുകൾ ആണ്. ഇരു തുടകളിലും കൈത്തണ്ടയിലും കാണപ്പെട്ട ചതവിന്റെയും പൊള്ളലിന്റെയും പഴയ പാടുകൾ ആണ് നാലാമത്തേത്.

ആരോഗ്യമുള്ള ഒരാളുടെ നെഞ്ചിന്റെ സംരക്ഷണ അസ്ഥി തകർക്കുക എളുപ്പമല്ലെന്നു മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. അത്ര ദൃഢവും കട്ടിയുള്ളതുമാണത്. മലർത്തിക്കിടത്തി നെഞ്ചിൽ ആഞ്ഞു ചവിട്ടുകയോ ചുറ്റിക പോലെയുള്ള വസ്തുകൊണ്ട് ഇടിക്കുകയോ ചെയ്താൽ മാത്രമേ അതു പൊട്ടൂ. ഇതു തകർന്നിട്ടുണ്ടെങ്കിൽ അത്ര ക്രൂരമായ മർദനം ഏറ്റിട്ടുണ്ട്. വൻകുടലിൽ കനത്ത ക്ഷതം ഏറ്റതുകൊണ്ടാണ് അര ലീറ്ററോളം കറുത്ത രക്തം കെട്ടിക്കിടന്നതെന്നും ഡോക്ടർമാർ പറയുന്നു.

രാവിലെ 6.40ന് അനിലിന്റെ ഫോണിൽനിന്ന് അമ്മയോടു സംസാരിക്കുമ്പോഴും 7 മണിക്ക് ഗേറ്റ് വരെ നടന്നെത്തി പാൽക്കാരനോടു സംസാരിക്കുമ്പോഴും ഷൈമോൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളോ ആത്മഹത്യാ പ്രവണതയോ ഉണ്ടായിരുന്നില്ല. പാൽപാത്രവുമായി വീടിനുള്ളിലേക്കു കയറിയ ഷൈമോൾക്ക് എന്താണു സംഭവിച്ചത് എന്ന കാര്യത്തിലാണ് അന്വേഷണം വേണ്ടത്. നെഞ്ചിന്റെ ഭിത്തിയും വാരിയെല്ലും തകരാന്മാത്രം അവളെ ആരാണ് മർദിച്ചത്? നെഞ്ചിലും വയറിലും ആഴത്തിൽ മുറിവേറ്റ പെൺകുട്ടിക്ക് എഴുന്നേറ്റു പോയി ആത്മഹത്യ ചെയ്യാനുള്ള ശാരീരിക, മാനസിക അവസ്ഥ ഉണ്ടാവുമോ? ഈ ചോദ്യങ്ങൾക്കാണ് ഉത്തരം തേടേണ്ടത്.അനിലും പിതാവും അറസ്റ്റിലായെങ്കിലും ജാമ്യത്തിലാണ്. ഷൈമോളുടെ രണ്ടര വയസ്സുള്ള മകളുടെ സംരക്ഷണം ഇപ്പോൾ കോട്ടയം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ്.

ഷൈമോളുടെ മരണത്തിൽ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം എന്നിവ ഉൾപ്പെടുത്തി സെക്ഷൻ 306, 498 അ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ മർദനത്തിനു തെളിവുകളുണ്ട്. കുറ്റപത്രം ഉടൻ സമർപ്പിക്കും. കെ.ജി. അനീഷ് കുമാർ(ഡിവൈഎസ്‌പി,കോട്ടയം)