ന്ത്യൻ വംശജരായ രണ്ടുപേരെ മയക്കുമരുന്ന് കടത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തി യു കെയിലെ കോടതി. 57 മില്യൻ പൗണ്ട് വിലവരുന്ന 512 കിലോഗ്രാം കൊക്കെയ്ൻ ആയിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്. 2021- മെയ് മാസത്തിൽ യു കെയിൽ നിന്നും ആസ്ട്രേലിയയിലേക്ക് പറന്ന വിമാനത്തിലായിരുന്നു ഇവർ കൊക്കെയ്ൻകടത്താൻ ശ്രമിച്ചത്. ഇന്ത്യ, വിട്ടുകിട്ടാൻ ആവശ്യപ്പെടുന്ന കുറ്റവാളികളാണ് ഇരുവരും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മെറ്റൽ ടൂൾ ബോക്സുകൾ എന്ന വ്യാജേന, ഇവരുടെ കമ്പനിയുടെ പേരിൽ ആസ്ട്രേലിയയിലേക്ക് അയച്ചതായിരുന്നു കൊക്കെയ്ൻ എന്ന് ബ്രിട്ടീഷ് നാഷണൽ ക്രൈം ഏജൻസി അറിയിച്ചു. ഈലിംഗിലെ ഹാൻവെൽ നിവാസികളായ 59 കാരി ആരതി ധീർ, 35 കാരനായ കവൽജിത്ത് സിങ് റയ്ജാഡ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് കടത്തിന്റെ 12 കൗണ്ടുകളും കുഴൽപ്പണം വെളുപ്പിക്കലിന്റെ 18 കൗണ്ടുകളുമാണ് ഇവർക്ക് മേൽ ചാർത്തിയിരിക്കുന്നത്.

സൗത്ത്വാക്ക് ക്രൗൺ കോടതിയിലായിരുന്നു വിചാരണ. ഇവർക്കുള്ള ശിക്ഷ ഇന്ന് ഇതേ കോടതി തന്നെ വിധിക്കും. ആസ്ട്രേലിയൻ അതിർത്തി സേനയായിരുന്നു വിമാനത്താവളത്തിൽ മെറ്റൽ ടൂൾ ബോക്സെന്ന വ്യാജേന കടത്തിയ കൊക്കെയ്ൻ പിടികൂടിയത്. അവിടെ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് പൊലീസ് ധീറിലേക്കും റായ്ജാഡയിലേക്കും എത്തുകയായിരുന്നു.മയക്കു മരുന്ന് കടത്തുന്നതിനായി മാത്രം, വീഫ്ളൈ ഫ്രൈറ്റ് സർവ്വീസസ് എന്നൊരു കമ്പനി രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

2015- ൽ ആയിരുന്നു കമ്പനി രൂപീകരിച്ചത്. വ്യത്യസ്ത കാലയളവുകളിൽ ഇരുവരും കമ്പനിയുടെ ഡയറക്ടർമാരായി പ്രവർത്തിച്ചിട്ടുണ്ട്. കൊക്കെയ്ൻ കടത്തിയ മെറ്റാലിക് ടൂൾ ബോക്സുകളിൽ ചുറ്റിയിരുന്ന പ്ലാസ്റ്റിക് റാപ്പിംഗുകളിൽ റായ്ജഡയുടെ വിരലടയാളങ്ങൾ ലഭിച്ചിരുന്നു. 2855 ടൂൾ ബോക്സുകൾക്കുള്ള ഓർഡറും ഇവരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു.

നാഷണൽ ക്രൈം ഏജൻസി പറയുന്നത്, 2019 ജൂൺ മുതൽ ഇതുവരെ ആസ്ട്രേലിയയിലേക്ക് ഇവർ 37 കൺസൈന്മെന്റുകൾ അയച്ചിട്ടുണ്ട് എന്നാണ്. അതിൽ 22 എണ്ണം ഡമ്മിയായിരുന്നു. 15 എണ്ണത്തിൽ കൊക്കെയ്ൻ നിറച്ചിരുന്നു. ഇരുവരും നേരത്തെ ഹീത്രൂ വിമാനത്താവളത്തിൽ ഒരു ഫ്രൈറ്റ് സർവ്വീസ് കമ്പനിയിൽ ജീവനക്കാരായിരുന്നു. അവിടെനിന്നാണ് ഇവർ എയർപോർട്ട് ഫ്രൈറ്റിന്റെ വിശദാംശങ്ങൾ പഠിച്ചത് എന്നും എൻ സി എ പറയുന്നു.

2003 മാർച്ച് മുതൽ 2016 ഒക്ടോബർ വരെയായിരുന്നു ധീർ ഈ കമ്പനിയിൽ ജോലി ചെയ്തിരുന്നത്. ഇതേ കമ്പനിയിൽ 2014 മാർച്ച് മുതൽ 2016 വരെയായിരുന്നു റായ്ജഡ ജോലി ചെയ്തത്. 2021 ജൂണിലായിരുന്നു ഇവർ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് 5000 പൗണ്ട് വിലയുള്ള സ്വർണം പൂശിയ വെള്ളി ബാറുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. അതുകൂടാതെ 13,000 പൗണ്ട് ഇവരുടെ വീട്ടിൽ നിന്നും 60,000 പൗണ്ട് ഒരു സേഫ്റ്റി ഡെപോസിറ്റ് ബോക്സിൽ നിന്നും കണ്ടെടുത്തിരുന്നു.

2023-ൽ ഇവർ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സ്യുട്ട്കേസുകളിലും മറ്റും ഒളിപ്പിച്ച നിലയിൽ 3 മില്യൻ പൗണ്ടിന്റെ കണക്കിൽ പെടാത്ത പണമായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്. റായ്ജഡ തന്റെ അമ്മയുടെ പേരിൽ വാടകക്ക് എടുത്തിരുന്നഹാൻവെല്ലിലെ ഒരു സ്റ്റോറേജ് ഫെസിലിറ്റിയിൽ നിന്നായിരുന്നു ഇത് കണ്ടെടുത്തത്. അതിനിടയിൽ ഏതാണ്ട് 7,40,000 പൗണ്ടുകൾ ക്യാഷ് ആയി ഇവർ 22 വ്യത്യസ്ത ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു.

നേരത്തെ, ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി തങ്ങൾ ദത്തെടുത്ത 11 കാരനായ ആൺകുട്ടിയെ കൊലപാതകം ആസൂത്രണം ചെയ്ത കേസിൽ 2017-ൽ ഇവർ കുറ്റാരോപിതരായിരുന്നു. 2015- ൽ ബ്രിട്ടനിൽ നിന്നും ഗുജറാത്തിൽ എത്തിയായിരുന്നു ഇവർ ഗോപാൽ എന്ന 11 കാരനെ ദത്തെടുത്തത്. യു കെയിൽ മികച്ച ജീവിതം വാഗ്ദാനം ചെയ്തായിരുന്നു ദത്തെടുത്തത്.