ന്യൂഡൽഹി: ത്രിപുരയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ കയറിയപ്പോൾ ലഭിച്ച വെള്ളം കുടിച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മയാങ്ക് അഗർവാൾ അവശനിലയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മയാങ്കിന്റെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ത്രിപുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

വിമാനത്തിൽ കയറിയപ്പോൾ തന്റെ സീറ്റിൽ വച്ചിരുന്ന വെള്ളം എടുത്ത് മയാങ്ക് കുടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മയാങ്ക് ഛർദ്ദിക്കുകയും വായിൽ പൊള്ളലുണ്ടാകുകയും ചെയ്തു. രഞ്ജി ട്രോഫിയിൽ കർണാടക ടീമിന്റെ ക്യാപ്റ്റനാണ് മയാങ്ക് അഗർവാൾ. താരത്തിന്റെ കുടലിൽ നീർക്കെട്ടുണ്ടായതായാണു വിവരം. മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണ്. താരത്തെ ഉടൻ ബെംഗളൂരുവിലേക്കു മാറ്റും. അഗർത്തലയിലെ ആശുപത്രി കിടക്കയിൽനിന്നുള്ള ചിത്രം മയാങ്ക് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു.

മായങ്ക് അഗർവാൾ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചത്. 'സുഖം തോന്നുന്നു. തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. പ്രാർത്ഥനകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി' എന്ന് താരം എക്സിൽ ചിത്രത്തോടൊപ്പം കുറിച്ചു.

വിമാനത്തിൽവെച്ച് വെള്ളമെന്നു കരുതി പൗച്ചിലുണ്ടായിരുന്ന ദ്രാവകം കുടിച്ചതിനെത്തുടർന്നാണ് മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രഞ്ജി ട്രോഫി മത്സരത്തിനുശേഷം ചൊവ്വാഴ്ച ത്രിപുരയിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽവച്ചായിരുന്നു സംഭവം. വായിൽ പൊള്ളലും തൊണ്ടയിൽ അസ്വസ്ഥതകളും ഛർദിയും അനുഭവപ്പെട്ടതോടെയാണ് താരത്തിനെ അഗർത്തലയിലെ ആശുപത്രിയിൽ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ ഗൂഢാലോചനയുണ്ടോ? ആരാണു താരത്തിന്റെ സീറ്റിൽ വെള്ളം കൊണ്ടുപോയി വച്ചത്? എന്നീ കാര്യങ്ങളിൽ സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നതായി വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു. വെള്ളം കുടിച്ചതിനു പിന്നാലെ താരം സംസാരിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിലായി. തുടർന്നാണ് വായിലും തൊണ്ടയിലും പൊള്ളൽ കണ്ടെത്തിയത്.

താരം കുടിച്ചത് വെള്ളമാണോ ആസിഡ് പോലെയുള്ള മറ്റേതെങ്കിലും ദ്രാവകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. റെയിൽവേസിനെതിരായ കർണാടകയുടെ അടുത്ത മത്സരത്തിൽ മയാങ്ക് കർണാടകയ്ക്കു വേണ്ടി കളിക്കില്ല. ഫെബ്രുവരി രണ്ടിന് സൂറത്തിൽവച്ചാണ് മത്സരം. ഈ കളിക്കായുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിൽനിന്നു ലഭിച്ച വെള്ളം താരം കുടിച്ചത്.