- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്‌കൂൾ വിദ്യാർത്ഥിനികളെ ട്രാപ്പിലാക്കി ചൂഷണം, അജ്ഞാതനെ തേടി പൊലീസ്
ചെന്നൈ: ഒമ്പത് വയസുള്ള ആൺകുട്ടിയെ ഉപയോഗിച്ച് മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ ട്രാപ്പിലാക്കി ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ പ്രതിയായ അജ്ഞാതനെ കണ്ടെത്താൻ അന്വേഷണം. ചെന്നൈയിലെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) നടത്തുന്ന പ്രൈമറി, മിഡിൽ സ്‌കൂളിലെ മൂന്ന് പെൺകുട്ടികളെ അജ്ഞാതൻ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. മറ്റൊരു പെൺകുട്ടിയെക്കൂടി കെണിയിൽ കുരുക്കാൻ ശ്രമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂൾ വളപ്പിന് പുറത്ത് ലൈംഗികാതിക്രമം നടന്നുവെന്നാണ് ആരോപണം. എട്ട്, പത്ത്, പന്ത്രണ്ട് വയസുള്ള ഈ പെൺകുട്ടികളെ അതേ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന ഒമ്പത് വയസുള്ള ആൺകുട്ടിയാണ് അജ്ഞാതന്റെ അടുത്തേക്ക് കൊണ്ടുപോയതെന്നുള്ള ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുള്ളതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. പരാതിയിൽ ജനുവരി 23 മുതൽ തിരുവാന്മിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ജനുവരി 31 വരെ പ്രഥമവിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തിട്ടില്ല.
തങ്ങളെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ അതിക്രമത്തെ കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, നാലാമതൊരു പെൺകുട്ടിയെ കൂടെ ഒമ്പത് വയസുള്ള ആൺകുട്ടി അടുത്തിടെ മറ്റ് പെൺകുട്ടികൾക്കൊപ്പം പ്രതിയുടെ അടുത്തേക്ക് കൊണ്ട് പോയി.
അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ മറ്റ് കുട്ടികളുമായി സംസാരിച്ചപ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്. ജനുവരി 23ന് രക്ഷിതാക്കളിൽ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് ഒമ്പത് വയസുകാരനെയും അമ്മയെയും തിരുവാന്മിയൂർ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
അതേസമയം, ഒമ്പത് വയസുകാരനായ കുട്ടിയെ പൊലീസ് ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി ബാലാവകാശ പ്രവർത്തകൻ ദേവനേയൻ രംഗത്ത് വന്നു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കേണ്ടതായിരുന്നു. സ്റ്റേഷനിൽ തടഞ്ഞുവെച്ച് പീഡിപ്പിക്കാൻ പാടില്ലായിരുന്നു. ബാലാവകാശ നിയമങ്ങൾ ലംഘിച്ചതിന് പപൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, രക്ഷിതാക്കളും സ്‌കൂളും രേഖാമൂലം പരാതി നൽകാത്തതിനാൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് തിരുവാന്മിയൂർ പൊലീസ് സ്റ്റേഷൻ അധികൃതർ. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് അവരുമായി ഏകോപിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണവും പൊലീസ് നിഷേധിച്ചു.
പക്ഷേ, സ്‌കൂൾ പൊലീസിൽ വിവരം അറിയിച്ചിരുന്നുവെന്നാണ് ജിസിസി ഡെപ്യൂട്ടി കമ്മീഷണർ (വിദ്യാഭ്യാസം) ശരണ്യ അരി പ്രതികരിച്ചത്. കുട്ടികളോട് സംസാരിക്കുകയും ചൈൽഡ് ലൈനിലും പൊലീസിലും അറിയിക്കുകയും ചെയ്തിട്ടുണ്ട്. അറിയിച്ചിട്ടും ഇതുവരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടില്ലെന്നും ശരണ്യ പറഞ്ഞു