മംഗളൂരു: ഒളിച്ചോടി മറ്റൊരു വിവാഹം കഴിച്ച ഭാര്യയെയും അവരുടെ പുതിയ ഭർത്താവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 24കാരൻ അറസ്റ്റിൽ. പത്തൊൻപതുകാരിയായ ഹിന മെഹബൂബ്, ഭർത്താവ് ഇരുപത്തിയൊന്നുകാരൻ യാസിൻ ആദാം എന്നിവരെയാണ് 24കാരനായ തൗഫിഖ് ഷൗക്കത്തുകൊലപ്പെടുത്തിയത്.

ബെൽഗാവിലെ കോക്കാട്ട്‌നൂരിൽ ചൊവാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട തൗഫിഖിനെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ചയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ഒന്നര വർഷം മുൻപാണ് ഹിനയും തൗഫിഖും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും നടത്തിയ ഒരു യാത്രയ്ക്ക് വേണ്ടി യാസിൻ ഡ്രൈവറായ വാഹനമാണ് വാടകയ്ക്ക് വേണ്ടി വിളിച്ചിരുന്നത്. ഈ യാത്രയിൽ വച്ചാണ് ഹിനയും യാസിനും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.

തുടർന്ന് ഒളിച്ചോടി പോയി ഹിനയും യാസിനും 2023 ഡിസംബറിൽ വിവാഹിതരാവുകയായിരുന്നു. ഇതിനിടെ തൗഫിഖിനെതിരെ വിവാഹമോചന കേസും ഫയൽ ചെയ്തു.' ഇതിന്റെ വൈരാഗ്യത്തിലാണ് ഹിനയെയും യാസിനെയും കൊല്ലാൻ തൗഫിഖ് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

വിവാഹ ശേഷം ജനുവരി 29നാണ് കോക്കാട്ട്‌നൂരിലെ വീട്ടിലേക്ക് ഹിനയും യാസിനും എത്തിയത്. ചൊവാഴ്ച വൈകുന്നേരം ഈ വീട്ടിലെത്തിയാണ് തൗഫിഖ് ഇരുവരെയും ആക്രമിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇരുവരെയും തൗഫിഖ് ക്രൂരമായി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഹിനയുടെ മാതാപിതാക്കളെയും തൗഫിഖ് ആക്രമിച്ചു. ഇവരെ കർണാടക-മഹാരാഷ്ട്ര അതിർത്തിപ്രദേശമായ മിറാജിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.