- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിപ്പെരിയാർ കേസിൽ നിയമസഭയെ ചൂടുപിടിപ്പിച്ച് പ്രതിപക്ഷ ഇടപെടൽ; പ്രതിയുടെയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി; പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് വിചാരണ കോടതിയുടെ പരാമർശങ്ങൾ നിലനിൽക്കെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌ഐയ്‌ക്കെതിരെ നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് ഐ ടിഡി സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തു. കേസിൽ പ്രതിയായ അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകൾ ചൂണ്ടികാട്ടിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. നിലവിൽ എറണാകുളം വാഴക്കുളം എസ്എച്ച്ഒ ആണ് സുനിൽകുമാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. സസ്‌പെൻഷന് പുറമെ ടിഡി സുനിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. കോടതി വിധി വന്ന് ഒന്നരമാസത്തിനുശേഷമാണിപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡി. പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. 2021 ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെ തുടർന്ന് പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസികൂടിയായ അർജുനെ പിടികൂടുകയുമായിരുന്നു.
പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കേസിലെ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. പ്രതിയുടെയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ല. സർക്കാർ പീഡനത്തിനിരയായ പെൺകുട്ടിയുടെ കൂടെയാണ്. അന്വേഷണ സംഘത്തിനെതിരെ വകുപ്പുതല പരിശോധന നടക്കുന്നു. വിധിക്കെതിരെ സർക്കാർ മേൽകോടതിയിൽ അപ്പീൽ കൊടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് വിചാരണ കോടതിയുടെ പരാമർശങ്ങളെ ഗൗരവത്തോടെ കാണുന്നു. കേസ് അന്വേഷണത്തിലെ ക്രമക്കേടോ വീഴ്ചയോ പൊറുപ്പിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്ന് പ്രതി കുറ്റവിമുക്തനായ സംഭവത്തിൽ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി. പ്രതിപക്ഷത്തുനിന്നു സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. കേസിൽ തൊണ്ടിമുതൽ ശേഖരിക്കുന്നതിൽ കാലതാമസം വന്നതായി സണ്ണി ജോസഫ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കപ്പെട്ടു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി. കോടതി വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതി സിപിഎമ്മുകാരനാണ്. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിക്കായി നിലകൊണ്ടു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പുനരന്വേഷണം നടത്താതെ, കോടതി വിമർശിച്ച പഴയ രേഖകളുമായാണു സർക്കാർ അപ്പീൽ പോയിരിക്കുന്നത്. അങ്ങനെ പോയതുകൊണ്ടു ഗുണമുണ്ടാകില്ല. സംഭവം നടന്നതു മുതൽ പ്രതിയെ രക്ഷിക്കാൻ ഇടപെടൽ നടന്നു. തെളിവുകൾ നശിപ്പിക്കപ്പെട്ടു. കേസ് തെളിയിക്കാനുള്ള എല്ലാ സാധ്യതകളെയും തുടക്കത്തിൽ തന്നെ ഇല്ലാതാക്കി. പോസ്റ്റുമോർട്ടം ഒഴിവാക്കാൻ ശ്രമം നടന്നു. പ്രതിയാണ് കുട്ടിയുടെ ബോഡി ഏറ്റുവാങ്ങിയത്.
കുട്ടിയെ പീഡിപ്പിച്ചശേഷം ജനൽ വഴി രക്ഷപ്പെട്ട പ്രതി, വീണ്ടും വീട്ടിലെത്തി ജനൽ കുറ്റിയിട്ടു. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചില്ല. വിധി വന്നശേഷം, കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും ആക്രമിച്ച പ്രതിയുടെ ബന്ധു ഓടിക്കയറിയത് സിപിഎം പാർട്ടി ഓഫിസിലേക്കാണ്. പാർട്ടിക്കാർ എന്തു ഹീനകൃത്യം ചെയ്താലും പാർട്ടി സംരക്ഷിക്കും. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥൻ കുട്ടിയുടെ വീട്ടിൽപോയത്. ഇങ്ങനെ അന്വേഷിച്ചാൽ എങ്ങനെ ജനങ്ങൾക്ക് നീതി ലഭിക്കുമെന്നും വി.ഡി.സതീശൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ