ബെയ്ജിങ്: ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികളെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ജനലിലൂടെ എറിഞ്ഞ് കൊലപ്പെടുത്തിയ കാമുകീ കാമുകന്മാരുടെ വധശിക്ഷ നടപ്പാക്കി ചൈന. ഴാങ് ബോ, കാമുകി യേ ചെങ്ചെൻ എന്നിവരെയാണ് ബുധനാഴ്ച വധശിക്ഷയ്ക്ക് വിധേയരാക്കിയത്. വിഷം കുത്തിവച്ചാണ് ഇരുവരുടേയും ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. ചൈനീസ് സുപ്രീം കോടതി ഇവരുടെ വധശിക്ഷയ്ക്ക് അംഗീകാരം നൽകി രണ്ട് വർഷത്തിന് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. മാരകവിഷം ശരീരത്തിൽ കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു ചൈനീസ് സുപ്രീംകോടതിയുടെ ഉത്തരവ്.

2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ചിങ് നഗരത്തിലുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലുള്ള തന്റെ അപ്പാർട്ട്മെന്റിന്റെ ജനലിലൂടെയാണ് ഴാങ് സ്വന്തം മക്കളെ പുറത്തേക്കെറിഞ്ഞത്. കാമുകിയുടെ നിർബന്ധപ്രകാരമാണ് ഇയാൾ കൃത്യം ചെയ്തത്. രണ്ട് വയസുള്ള പെൺകുട്ടിയും ഒരുവയസുള്ള ആൺകുട്ടിയുമാണ് ഴാങ്ങിന് ഉണ്ടായിരുന്നത്. വിവാഹിതനാണെന്നും രണ്ട് മക്കളുണ്ടെന്നുമുള്ള കാര്യം മറച്ചുവച്ചാണ് ഇയാൾ യേ ചെങ്ചെനുമായി ബന്ധം സ്ഥാപിച്ചത്. ഭാര്യയായ ചെൻ മെയ്ലിനുമായുള്ള വിവാഹബന്ധം ഇയാൾ 2020 ഫെബ്രുവരിയിൽ വേർപിരിഞ്ഞിരുന്നു.

ഒന്നിച്ചുള്ള ജീവിതത്തിന് കുട്ടികൾ തടസമാണെന്നും അവരെ ഒഴിവാക്കിയാൽ മാത്രമേ മുന്നോട്ടുള്ള ജീവിതം സാധ്യമാകൂ എന്നും യേ ചെങ്ചെൻ നിലപാടെടുത്തതോടെയാണ് തന്റെ രണ്ട് മക്കളേയും ഇയാൾ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുകളിൽനിന്ന് എറിഞ്ഞുകൊന്നത്. ഇതിന് ശേഷം പൊട്ടിക്കരയുന്ന ഴാങ്ങിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. തല ചുമരിൽ ഇടിച്ച് കരയുന്ന ഇയാളുടെ വീഡിയോ അന്ന് ചൈനീസ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

കുട്ടികൾ 'താഴെ വീണപ്പോൾ' താൻ ഉറങ്ങുകയായിരുന്നുവെന്നും താഴെനിന്നുള്ള ആളുകളുടെ ബഹളം കേട്ടാണ് ഉണർന്നതെന്നുമാണ് അന്ന് ഴാങ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാളും കാമുകിയുമാണ് കുട്ടികളെ കൊന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെ കുറ്റവാളികളായ കാമുകീകാമുകന്മാർക്കെതിരെ ചൈനയിലുടനീളം രോഷം ഉയർന്നു.

2020ൽ തന്നെ സുപ്രീംകോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ ചൈനയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ബുധനാഴ്ചയാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലെ ബുധനാഴ്ചത്തെ ട്രെൻഡിങ് വിഷയമായിരുന്നു ഇവരുടെ വധശിക്ഷ. 20 കോടിയിലേറെ പേരാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വെയ്ബോയിൽ കണ്ടത്.