വാഷിങ്ടൺ: അമേരിക്കയിലെ ഓഹായോയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രേയസ് റെഡ്ഡി ബെനിഗെരി എന്ന 19 വയസുകാരനെയാണ് വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ ഇപ്പോൾ ദുരൂഹത സംശയിക്കുന്നില്ലെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി. ജോർജിയയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണവാർത്ത എത്തുന്നത്.

ശ്രേയസ് റെഡ്ഡി ബെനിഗെരിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒഹിയോയിലെ ലിൻഡർ സ്‌കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയാണ് ശ്രേയസ്. യുഎസിൽ ഈ വർഷം സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണ് ശ്രേയസിന്റേത്.

മാതാപിതാക്കൾ ഹൈദരാബാദിലാണ് താമസമെങ്കിലും ശ്രേയസിന്റേത് അമേരിക്കൻ പാസ്പോർട്ടാണ്. അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പഴുതടച്ച അന്വേഷണം ഉറപ്പുവരുത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'ഒഹിയോയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ശ്രേയസ് റെഡ്ഡി ബെനിഗെരി മരണപ്പെട്ട സംഭവത്തിൽ അഗാധമായ ദുഃഖമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സംഭവത്തിൽ ദുരൂഹത കണ്ടെത്തിയിട്ടില്ല. കോൺസുലേറ്റ് ശ്രേയസിന്റെ കുടുംബവുമായുള്ള ബന്ധം തുടരുകയാണ്. അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും,' - ഇന്ത്യൻ കോൺസുലേറ്റ് എക്സിൽ കുറിച്ചു.

ജനുവരി 29 തിങ്കളാഴ്ച പർഡ്യൂ സർവകലാശാലയിലെ നീൽ ആചാര്യ എന്ന വിദ്യാർത്ഥിയേയും ഇത്തരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഞായറാഴ്ച മുതൽ നീലിനെ കാണാനില്ല എന്ന് അമ്മ സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവെച്ചിരുന്നു. ശേഷം തിങ്കളാഴ്ചയോടെ കോളേജ് പരിസരത്തുനിന്നും നീലിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ നീലിന്റെ മരണത്തിൽ ദുരൂഹത ഒന്നും ഇല്ലെന്നാണ് കണ്ടെത്തിയത്.

ഹരിയാനയിലെ പഞ്ച്കുലാ സ്വദേശിയായ വിവേക് സൈനി (25) ജനുവരി 16-ന് ജോർജിയയിലെ ലിത്തോണിയയിലാണ് കൊല്ലപ്പെട്ടത്. എംബിഎക്ക് പഠിക്കാനായി ജോർജിയയിലെത്തിയ വിവേക് പാർട്ട് ടൈമായി ജോലി ചെയ്യുന്ന കടയ്ക്കുള്ളിൽ വച്ചാണ് കൊല്ലപ്പെട്ടത്. തെരുവിൽ ജീവിച്ചിരുന്ന ജൂലിയൻ ഫൾക്നർ എന്നയാളാണ് വിവേകിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്.

പറ്റുമ്പോഴൊക്കെ ഇയാൾക്ക് വിവേക് ഭക്ഷണവും വെള്ളവും വസ്ത്രവും നൽകിയിരുന്നു. സംഭവദിവസം ഭക്ഷണം കൊടുക്കാൻ വിസമ്മതിച്ചതിൽ കോപാകുലനായാണ് ജൂലിയൻ വിവേകിനെ കൊലപ്പെടുത്തിയത്.

ഇന്ത്യൻ വംശജനായ അകുൽ ധവാന്റേതാണ് ഈ വർഷം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ കേസ്. യുഐയുസിയിലെ വിദ്യാർത്ഥിയായിരുന്ന അകുൽ (18) കടുത്ത തണുപ്പ് അതിജീവിക്കാനാവാതെയാണ് മരിച്ചത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യൂണിവേഴ്സിറ്റി പരിസരത്ത് തന്നെയാണ് അകുലിനേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൈപ്പോതെർമിയയെ തുടർന്നാണ് അകുൽ മരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ പൊലീസ് വേണ്ടരീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ആരോപിച്ച് അകുലിന്റെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.