മാനന്തവാടി: കഴിഞ്ഞ ദിവസം ചെരിഞ്ഞ 'തണ്ണീർക്കൊമ്പൻ' എന്നറിയപ്പെട്ടിരുന്ന കാട്ടാനയുടെ ശരീരത്തിൽ പെല്ലറ്റുകൾ തറച്ച പാടുകൾ കണ്ടെത്തി. ആനയുടെ ശരീരത്തിൽ നിരവധി പെല്ലെറ്റുകൾ ഏറ്റതിന്റെ പാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എങ്ങനെ ഉണ്ടായതാണ് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.

കാട്ടിലേക്ക് പോകാൻ മടിയായിരുന്ന ഈ ആനയുടെ വിഹാരകേന്ദ്രം കർണാടകയിലെ ഹാസനിലെ കാപ്പിത്തോട്ടങ്ങളായിരുന്നു. തോട്ടങ്ങളിൽ കറങ്ങിനടക്കുമ്പോൾ ആനയെ ഓടിക്കാനായി അവിടെയുള്ളവർ എയർഗണ്ണോ മറ്റോ ഉപയോഗിച്ച് വെടിവെച്ചപ്പോഴാകും പെല്ലെറ്റ് ഏറ്റത് എന്നാണ് അനുമാനം.

ജനവാസ മേഖലയിൽ എത്തിയപ്പോൾ പ്രദേശവാസികൾ ആനയെ ഓടിക്കാൻ വേണ്ടി എയർഗൺ ഉപയോഗിക്കാനുള്ള സാധ്യതയാണ് അധികൃതർ പരിശോധിക്കുന്നത്. കൃഷിയിടങ്ങളിൽ വന്നപ്പോൾ ഏറ്റതുമാകാമെന്നും വനം വകുപ്പ് പറയുന്നു. ആനയെ കേരളം സ്‌പോട് ചെയ്തത് തോൽപ്പെട്ടി കാടുകളിലായിരുന്നു. റേഡിയോ കോളർ കണ്ടതോടെ ഐഡി വാങ്ങി ട്രാക്ക് ചെയ്യാൻ തുടങ്ങി. 4- 5 മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു സിഗ്‌നൽ ലഭിച്ചത്. സിഗ്‌നൽ പ്രശ്‌നം ആനയെ പിന്തുടരുന്നതിനു തടസം സൃഷ്ടിച്ചു.

മാനന്തവാടിയിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടി എലിഫന്റ് ആംബുലൻസിൽ ബന്ദിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ചെങ്കിലും തണ്ണീർ കൊമ്പൻ ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. എലിഫന്റ് ആംബുലൻസ് രാമപുര ക്യാമ്പിലെത്തി നിർത്തിയപ്പോൾ തന്നെ തണ്ണീർ കൊമ്പൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പുറത്തേക്ക് നടത്തി ഇറക്കാനായില്ലെന്നുമാണ് കർണാടക വനംവകുപ്പ് അധികൃതർ പറയുന്നത്.

പിന്നീട് ആന എഴുന്നേറ്റില്ല. പിന്നീട് അൽപസമയത്തിനകം ചരിഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഏറെ നേരം കുടിവെള്ള കിട്ടാത്തതിനാൽ നിർജലീകരണവും തിരിച്ചടിയായി. ആന ചെരിഞ്ഞ സംഭവത്തിൽ വനംവകുപ്പിന്റെ വിദഗ്ധസമിതി ഒരുമാസത്തിനകം റിപ്പോർട്ട് നൽകും. ഈസ്റ്റേൺ സർക്കിളിലെ പ്രിൻസിപ്പൾ സി.സി.എഫ്.ഒ. വിജയാനന്ദനാണ് വിദഗ്ധ സമിതിയുടെ തലവൻ. സമിതിയിലെ മറ്റ് അംഗങ്ങൾ ആരൊക്കെയാണ് എന്ന വിവരം ലഭ്യമായിട്ടില്ല.

തണ്ണീർക്കൊമ്പൻ കേരളാ അതിർത്തി കടന്നപ്പോൾ വിവരം കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യണമെങ്കിൽ പാസ്വേർഡ് വേണം. ഇത് കേരളാ വനംവകുപ്പിന് കർണാടക കൈമാറാൻ വൈകിയോ എന്നതിൽ വ്യക്തതയില്ല. അഞ്ച് മണിക്കൂറെടുത്താണ് ആനയുടെ റേഡിയോ കോളർ സിഗ്‌നൽ വിവരങ്ങൾ ലഭ്യമായത്.

ആനയെ ദിവസങ്ങൾക്ക് മുമ്പ് തിരുനെല്ലി ഭാഗത്ത് കണ്ടതായും വിവരമുണ്ട്. അങ്ങനെയാണെങ്കിൽ റേഡിയോ കോളർ സിഗ്‌നൽ ഇല്ലാതെ തന്നെ വാച്ചർമാർ മുഖേനെ വനംവകുപ്പ് ആനയെ കുറിച്ച് അറിയേണ്ടതാണ്. ഇത്തരത്തിൽ നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ ആനയെ തിരികെ കാട്ടിലേക്ക് അയക്കാൻ കഴിയുമായിരുന്നു. ഇതിൽ വീഴ്ച ഉണ്ടായി എന്ന പരാതി പ്രദേശത്തെ ജനങ്ങളും പൊതുപ്രവർത്തകരും ഉന്നയിക്കുന്നുണ്ട്.