- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
55 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
കോഴിക്കോട്: ആന്ധ്രയിൽനിന്ന് വിൽപ്പനയ്ക്ക് എത്തിച്ച 55 കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേർ അറസ്റ്റിലായി. കാറിൽ കഞ്ചാവുമായി എത്തിയ ചാത്തമംഗലം നെല്ലിക്കോട് പറമ്പിൽ എൻ.പി.മുരളീധരൻ (40), പനത്തടി പള്ളികുന്നേൽ വീട്ടിൽ പി.പി.ജോൺസൻ (58) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി.കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്ക്വാഡും എസ്ഐ പി.ടി.സെയ്ഫുള്ളയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് പൂവാട്ടുപറമ്പ് തോട്ടുമുക്ക് ഭാഗത്തുനിന്ന് ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും വൻകിട കച്ചവടക്കാർക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘമാണ് അറസ്റ്റിലായത്.
പിടികൂടിയ കഞ്ചാവിന് 20 ലക്ഷത്തോളം രൂപ വിപണി വില വരും. പൂവാട്ടുപറമ്പ്, പെരുവയൽ, പെരുമണ്ണ ഭാഗങ്ങളിൽ വലിയ തോതിൽ ലഹരി വിൽപനയും ഉപയോഗവുമുണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നു പല സ്ഥലങ്ങളിലും വ്യാപകമായ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മുരളീധരനും ജോൺസനും പിടിയിലായത്.
അന്തർ സംസ്ഥാന ലോറി ഡ്രൈവർമാരായ ഇരുവരും ഇതിലൂടെ ലഭിച്ച സൗഹൃദത്തിൽ നിന്നുമാണ് കഞ്ചാവു കച്ചവടത്തിലേക്ക് തിരിഞ്ഞത്. കഞ്ചാവ് തോട്ടത്തിൽ പോയി കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് എത്തിച്ച് കേരളത്തിൽ കൊണ്ടു വന്ന് കൂടുതൽ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി. മുരളീധരൻ 100 കിലോയോളം കഞ്ചാവ് കാറിൽ കടത്തിയതിന് അറസ്റ്റിലായി ആന്ധ്ര ജയിലിലായിരുന്നു. ഇവിടെനിന്നു ജാമ്യത്തിലിറങ്ങിയ ഇയാൾ തുടർന്നും കഞ്ചാവ് വിൽപനയിലേക്ക് ഇറങ്ങി.
മലപ്പുറം, പാലക്കാട് , വയനാട്, തൃശൂർ എന്നിവിടങ്ങളിലെ വൻകിട കഞ്ചാവ് കച്ചവടക്കാർക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചു നൽകുന്നത് ഇവരാണെന്നും ഇവർക്ക് കഞ്ചാവു വാങ്ങാൻ സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചുള്ള അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
സിറ്റി ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് എടയേടത്, എഎസ്ഐ കെ.അബ്ദുറഹ്മാൻ, അനീഷ് മുസ്സാൻവീട്, കെ.അഖിലേഷ്, ജിനേഷ് ചുലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ഇബ്നു ഫൈസൽ, ടി.കെ.തൗഫീഖ്, ഷിനോജ്, എം.എ.മുഹമ്മദ് മഷ്ഹൂർ, ദിനീഷ്, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എഎസ്ഐ എം.മനോജ് കുമാർ, സിപിഒമാരായ വിനോദ് രാമിനാസ്, രഞ്ജു, വിജയകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.