- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്‌ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തു; മറ്റൊരു പെൺകുട്ടിയുമായും പ്രണയം; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ; പ്രതിക്കെതിരെ സമാനമായ മറ്റൊരു പരാതിയും
കൊല്ലം: ശാസ്താംകോട്ടയിൽ എസ്എഫ്‌ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.
എസ്എഫ്‌ഐ പ്രവർത്തക കൂടിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി, പലപ്പോഴായി പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് പെൺകുട്ടി ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്‌ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി.
വിവാഹം ചെയ്യാമെന്ന് വിശാഖ് പെൺകുട്ടിക്ക് ഉറപ്പ് നൽകുകയും ചെയ്തു. പിന്നീട് പലപ്പോഴായി പലവിധ ആവശ്യങ്ങൾക്ക് ഒമ്പത് ലക്ഷം രൂപ പെൺകുട്ടി സ്‌കൂൾ അദ്ധ്യാപികയായ അമ്മയുടെ ഗൂഗിൾ പേ വഴി കൈമാറിയിരുന്നു. വിശാഖിന്റെ ബുള്ളറ്റിന്റെ തവണകൾ അടച്ചത് പെൺകുട്ടിയാണ്. മാല പണയം വയ്ക്കാൻ വാങ്ങിയും അതിന്റെ പണം പെൺകുട്ടിയെ കൊണ്ട് അടപ്പിച്ചും നിരവധി തവണ കബളിപ്പിച്ചു.
മൂന്ന് ലക്ഷം രൂപ നേരിട്ടും കൈമാറിയെന്ന് പെൺകുട്ടി പിന്നീട് മൊഴി നൽകി. പാർട്ടി പ്രവർത്തകർ ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പൊലീസിന് നൽകിയ പരാതിയിൽ നിന്ന് പിന്മാറാൻ യുവതി വിസമ്മതിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസിൽ അടിപിടി കേസുണ്ട്.
മറ്റൊരു പെൺകുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്എഫ്‌ഐ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. ബലാൽസംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ആ കേസ് ഒത്തുതീർപ്പായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ