പത്തനംതിട്ട: ഇൻസ്റ്റഗ്രാം സൗഹൃദത്തിന്റെ മറവിൽ പത്തനംതിട്ടയിൽ നടന്നത് വൻ ലൈംഗികചൂഷണം. പ്ലസ് വൺ വിദ്യാർത്ഥിനിയായ 16-കാരിയെ ചൂഷണം ചെയ്തത് ഇരുപതോളം പേരാണ്. സംഭവത്തിൽ ആകെ 19 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിൽ നാലുപേർ കഴിഞ്ഞദിവസം പിടിയിലായി. ഡിവൈഎഫ്ഐ. പ്രാദേശിക നേതാവ് അടക്കമുള്ളവരാണ് കേസിൽ അറസ്റ്റിലായ പ്രതികൾ. സൂര്യനെല്ലി-വിതുര പീഡന കേസുകളെ ഓർമ്മിപ്പിക്കുന്താണ് സംഭവം. കേസിലെ 19 പ്രതികളിൽ 16 പേർക്കെതിരേയും പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.

പ്ലസ് വൺ വിദ്യാർത്ഥിനി സ്‌കൂളിൽ പോകാൻ വിമുഖത കാട്ടിയതോടെ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്. നാലുദിവസത്തോളം നീണ്ട കൗൺസിലിങ്ങിലാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഇക്കാര്യം പൊലീസിനെ അറിയിച്ചു.

ചിറ്റാർ സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത്. ഇയാൾ പെൺകുട്ടിയുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കി. ഈ ദൃശ്യങ്ങൾ ഇയാൾ സുഹൃത്തുക്കൾക്കും കൈമാറി. തുടർന്ന് നഗ്‌നദൃശ്യങ്ങൾ കിട്ടിയവരെല്ലാം പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്യുകയുമായിരുന്നു.

ചിലർ പെൺകുട്ടിയെ വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതികൾ ഇവിടെ എത്തിയത്. മറ്റുചിലർ വീഡിയോ കോൾ വഴിയും പെൺകുട്ടിയെ ചൂഷണംചെയ്തു. മാസങ്ങൾക്കിടെയാണ് പലരും പെൺകുട്ടിയെ ഉപദ്രവിച്ചത്. കേസിൽ ചിറ്റാർ സ്വദേശി സജാദ് എസ്. സലീം കെ.എസ്.ഇ.ബി. ജീവനക്കാരനായ റാഫി, ഡിവൈഎഫ്ഐ. പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ് എന്നിവരാണ് പിടിയിലായിട്ടുള്ളത്.

പ്രായപൂർത്തിയാകാത്ത ആളും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഈ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം കൊല്ലത്തെ കേന്ദ്രത്തിൽ പാർപ്പിക്കും. പാർട്ടി നിർദ്ദേശം മാനിച്ചാണ് ഡിവൈഎഫ് ഐ നേതാവ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡിവൈഎസ്‌പി ഓഫിസിൽ എത്തി ജോയൽ കീഴടങ്ങുകയായിരുന്നു. പെരുനാട് മഠത്തുംമൂഴി സ്വദേശിയാണ് ജോയൽ തോമസ്.

കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരെയും നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെൺകുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളിൽ പോകാൻ മടി കാണിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനം പുറത്തറിയുന്നത്.