- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ട ശ്രമം; ഓടി രക്ഷപ്പെട്ട യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: പ്രതി പരീക്ഷ എഴുതാനെത്തിയത് നേമം സ്വദേശിയുടെ പേരിൽ: അന്വേഷണം ഊർജിതമാക്കി പൊലീസ്
തിരുവനന്തപുരം: പൂജപ്പുരയിൽ പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമം നടത്തിയ യുവാവിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയായ യുവാവ് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പിഎസ്‌സി നടത്തിയ യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് മെയിൻ പരീക്ഷയിലാണ് ആൾമാറാട്ടത്തിനു ശ്രമം നടന്നത്. പരീക്ഷാ ഹാളിൽ എത്തി പരീക്ഷയ്ത്ത് തയ്യാറെടുത്ത യുവാവ് ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള തിരിച്ചറിയൽ പരിശോധന ആരംഭിച്ചതോടെ പരീക്ഷാ ഹാളിൽനിന്ന് ഇറങ്ങിയോടി.
പൂജപ്പുര ചിന്നമ്മ മെമോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. യുവാവ് എത്തിയതും പുറത്ത് കാത്തു നിന്ന ബൈക്കിൽ കയറി രക്ഷപ്പെടുന്നതും അടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങളും നിലവിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവ് ക്ലാസിൽ നിന്നും ഇറങ്ങി ഓടുന്നത് കണ്ട് പിഎസ്‌സി സ്‌ക്വാഡിലെ ഉദ്യോഗസ്ഥൻ പിന്നാലെ പാഞ്ഞെങ്കിലും യുവാവ് മതിൽ ചാടിക്കടന്ന് റോഡിൽ കാത്തുനിന്നയാൾക്കൊപ്പം ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇരുവരുടെയും ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറയിൽനിന്നു പൊലീസിനു ലഭിച്ചു. പിഎസ്‌സി സെക്രട്ടറി ഡിജിപിക്കു നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പിഎസ്‌സി ആദ്യമായി എഴുത്തു പരീക്ഷയിൽ പരീക്ഷിച്ചത് ഇന്നലെയായിരുന്നു. തിരിച്ചറിയൽ രേഖകൾ ഒത്തു നോക്കിയായിരുന്നു നേരത്തെ പരീക്ഷ നടത്തിയിരുന്നത്. മുൻ ബെഞ്ചിലിരുന്ന ഉദ്യോഗാർഥിയുടെ വിരലടയാളം ബയോമെട്രിക് സംവിധാനത്തിൽ സ്‌കാൻ ചെയ്യാൻ തുടങ്ങിയതിനു പിന്നാലെയാണ് യുവാവ് ഇറങ്ങിയോടിയത്. ഒരു ക്ലാസിൽ പരിശോധന തുടങ്ങിയപ്പോഴാണ് റൂമിലുണ്ടായിരുന്ന ഒരാൾ ഇറങ്ങി ഓടിയത്. തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാൾ പുറത്ത് കാത്ത് നിന്നയാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
നേമം മേലാംകോട് സ്വദേശി ശ്രിഹരി സദനത്തിൽ അമൽജിത്ത്.എ എന്ന പേരിലാണ് ഓടി രക്ഷപ്പെട്ടയാൾ പരീക്ഷ എഴുതാനെത്തിയത്. അറ്റൻഡന്റ്സ് രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനക്ക് ഉദ്യഗസ്ഥൻ എത്തിയത്. ചിത്രം പരിശോധിച്ചപ്പോൾ സംശയമൊന്നുമുണ്ടായില്ലെന്നാണ് ഇൻവിജിലേറ്റർ പറഞ്ഞത്.
വിരലടയാളമാണ് ബയോമെട്രിക് പരിശോധനയ്ക്കെടുക്കുന്നത്. അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്ക് പി.എസ്.സി നേരത്തെ തന്നെ ബയോമെട്രിക് പരിശോധന നടത്താറുണ്ട്. ബുധനാഴ്ച എഴുത്ത് പരിശോധനക്ക് ആദ്യമായിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. ഇടവിട്ട പരീക്ഷ കേന്ദ്രങ്ങളിലാണ് പരിശോധന നിശ്ചയിച്ചിരുന്നത്.
പരിശോധനക്കെത്തിയ പി.എസ്.സി ഉദ്യോഗസ്ഥൻ വിവരം പൂജപ്പുര പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പി.എസ്.സി. ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. യഥാർഥ ഉദ്യോഗാർഥിക്ക് പകരം പരീക്ഷ എഴുതാൻ എത്തിയയാളാണ് ഓടി രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. ഉദ്യോഗാർഥിയുടെ വിലാസവും വിവരങ്ങളും പരീക്ഷ എഴുതാനെത്തിയവരുടെ വാഹന നമ്പരും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യ പരിശോധനക്കിടെ തന്നെ ആൾമാറാട്ടം കണ്ടെത്തിയതോടെ പി.എസ്.സി പരീക്ഷകളിൽ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനും കമ്മീഷൻ തീരുമാനിച്ചു.