കൊച്ചി: കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ റിയാസ് അബൂബക്കറിന് പത്തുകൊല്ലം കഠിന തടവ്. കൊച്ചിയിലെ എൻഐഎ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇയാൾക്കെതിരെ ചുമത്തിയ യുഎപിഎ സെക്ഷൻ 38,39 വകുപ്പുകളും ഐപിസി 120ബി വകുപ്പും തെളിഞ്ഞ സാഹചര്യത്തിലാണ് കോടതിയുടെ വിധി.

വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 1,25,000 പിഴയും വിധിച്ചിട്ടുണ്ട്.നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും.പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്റെ കേരള ഘടകം ഉണ്ടാക്കി ചാവേർ സ്‌ഫോടങ്ങൾക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്.

പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഭീകര സംഘടനയായ ഐഎസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ 2018 ലാണ് റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലായത്. ഇയാൾക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഢാലോചനാക്കുറ്റവുമാണ് കോടതിയിൽ തെളിഞ്ഞിട്ടുള്ളത്.

റിയാസിനെതിരെ തീവ്രസംഘടനയുടെ ആശയം പ്രചരിപ്പിക്കുക, ഐസിസിൽ ചേർന്ന് പ്രവർത്തിക്കുക, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 2019ൽ ചാവേർ ആക്രമണം നടത്താൻ സ്‌ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. കേരളത്തിൽ നിന്നും അഫ്ഗാനിസ്ഥാനിൽ പോയി ഐസിസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നിർദ്ദേശപ്രകാരമാണ് റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് എൻഐഎ കണ്ടെത്തിയത്

റിയാസിന്റെ ഫോണിൽ നിന്നും അബ്ദുൽ റാഷിദിന്റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ശകലങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖും പിന്നീട് കേസിൽ മാപ്പ് സാക്ഷികളായി. റിയാസിന്റെ ശിക്ഷാ വിധിയിൽ വിശദ വാദം കേട്ടിരുന്നു. റിയാസിനെതിരെ ചുമത്തിയ 120 ബിയും യുഎപിഎയിലെ 38, 39 വകുപ്പുകളും തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു

ശ്രീലങ്കൻ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനൽ തൗഹീത് ജമാത് നേതാവ് സഹ്‌റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേർ ആക്രമണവും സ്‌ഫോടന പരമ്പരയും നടത്താൻ റിയാസ് ഗൂഢാലോചന നടത്തി എന്നും ആരോപണമുണ്ട്. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടിൽനിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ അടക്കമുള്ളവയുമാ തെളിവായി എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് എൻഐഎ പറയുന്നത്.

2016ൽ കാസർകോട്ടുനിന്ന് ഐഎസിൽ ചേരാൻ പോയി എന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് 34കാരനായ റിയാസ് എൻഐഎ പിടിയിലാകുന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്ഗാനിസ്ഥാനിലെത്തി ഐഎസിന്റെ ഭാഗമായ അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരം റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു.