- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസ് നടക്കുന്ന സമയത്ത് ഒന്നിച്ചു ശുചിമുറിയിൽ പോയത് മൂന്ന് വിദ്യാർത്ഥികൾ; ചോദ്യം ചെയ്തതോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി; 11കാരിയുടെ മരണത്തിൽ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മലയാളി കന്യാസ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപിക കൂടിയായ കർമലീത്താ സന്യാസിനി സമൂഹാംഗം (സിഎംസി) സിസ്റ്റർ മേഴ്സി ജോസ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ കന്യാസ്ത്രിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. അതേസമയം കുട്ടിയുടെ മരണത്തിൽ സിസ്റ്റർക്കു പങ്കില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ അംബികപുരിൽ സിഎംസി നടത്തുന്ന കാർമൽ സ്കൂളിലെ വിദ്യാർത്ഥിനിയെയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. യുവമോർച്ചയടക്കം സ്കൂളിനു മുന്നിൽ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് പൊലീസെത്തി അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. അതേസമയം കുട്ടി ആത്മഹത്യ ചെയ്ത ദിവസം കന്യാസ്ത്രീ കുട്ടയെ വഴക്കു പറയുകയും വീട്ടിൽ നിന്നും രക്ഷിതാവിനെ കൂട്ടി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സ്കൂളിൽ ക്ലാസ് നടക്കുന്ന സമയത്ത് മൂന്നു കുട്ടികൾ ഒരുമിച്ചു ശുചിമുറിയിൽ പോയത് അദ്ധ്യാപികയായ സിസ്റ്റർ മേഴ്സി ചോദ്യം ചെയ്തു. കുട്ടികളുടെ ഐഡി കാർഡ് വാങ്ങുകയും അടുത്ത ദിവസം രക്ഷിതാക്കളുമായി വരണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. ഇതിലൊരു കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണു വിവരം. ജാമ്യാപേക്ഷ തിങ്കളാഴ്ച അംബികപുർ ജില്ലാ കോടതി പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ