- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയുടെ ഭാര്യയുമായി പ്രണയം; ബന്ധം വേർപ്പെടുത്തി വിവാഹിതരായി; നിരന്തരം ഭീഷണി; പിന്നാലെ യുവാവിന്റെ മൃതദേഹം പരിക്കേറ്റനിലയിൽ റെയിൽവേ പാലത്തിന് സമീപം; പിന്നിൽ യുവതിയുടെ മുൻഭർത്താവും സംഘവുമെന്ന് പരാതി
കൊൽക്കത്ത: ദേഹമാസകലം പരിക്കേറ്റനിലയിൽ യുവാവിന്റെ മൃതദേഹം റെയിൽവേ പാലത്തിന് സമീപം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. കൊൽക്കത്ത ബാരാനഗർ സ്വദേശി തപസ് സാഹ(30)യുടെ മൃതദേഹമാണ് ബെൽഘാരിയ സി.സി.ആർ. റെയിൽവേ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും സാഹയുടെ ഭാര്യയുടെ മുൻഭർത്താവായ ശിബപ്രസാദ് ദാസ് എന്ന ഷിബുവാണ് കൃത്യത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ഞായറാഴ്ച പുലർച്ചെയാണ് ദേഹമാസകലം പരിക്കേറ്റനിലയിൽ സാഹയുടെ മൃതദേഹം റെയിൽവേ പാലത്തിന് സമീപം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പ്രതിയെന്ന് സംശയിക്കുന്ന ഷിബുവും കൂട്ടാളികളും യുവാവിനെ റെയിൽവേ പാലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടിരുന്നതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നാലെ ഷിബു ഒളിവിൽപോയിരിക്കുകയാണ്. ഒളിവിൽപോയ ഷിബുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാസങ്ങൾക്ക് മുമ്പാണ് അയൽക്കാരനായ ഷിബുവിന്റെ ഭാര്യയെ സാഹ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനുശേഷം സാഹയ്ക്കെതിരേ ഷിബു ഭീഷണി മുഴക്കിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ ഷിബുവിന്റെ ഭാര്യയും സാഹയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ ഷിബു രണ്ടുപേരെയും ഭീഷണിപ്പെടുത്തി. എന്നാൽ, ഇരുവരും ബന്ധം തുടർന്നു. ഇതിനിടെ, യുവതി ഷിബുവിൽനിന്ന് വിവാഹമോചനം നേടി സാഹയെ വിവാഹം കഴിക്കുകയുമായിരുന്നു.
വിവാഹത്തിന് പിന്നാലെ ഷിബു നിരവധിതവണ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായാണ് സാഹയുടെ അമ്മയുടെ ആരോപണം. ഇതേത്തുടർന്ന് ഭാര്യയുമായുള്ള ബന്ധം വേർപിരിയണമെന്ന് മകനോട് പറഞ്ഞിരുന്നതായും എന്നാൽ മകൻ അത് ഗൗനിച്ചില്ലെന്നും അമ്മ പറഞ്ഞു.
ശനിയാഴ്ച രാത്രി ബെൽഘാരിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയതിന് പിന്നാലെയാണ് സാഹയെ ഷിബുവും കൂട്ടാളികളും തട്ടിക്കൊണ്ടുപോയതെന്നാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് പ്രതികൾ സാഹയെ ക്രൂരമായി മർദിച്ചു. ആക്രമണം തുടരുന്നതിനിടെ ഭർത്താവ് ഫോണിൽ വിളിച്ചിരുന്നു.
ഷിബുവും സംഘവും തന്നെ മർദിച്ചെന്നാണ് ഭർത്താവ് പറഞ്ഞത്. പിന്നാലെ ഫോൺ കട്ടായി. പിന്നീട് ഫോൺ സ്വിച്ച് ഓഫാവുകയും ചെയ്തു. ഇതോടെയാണ് അയൽക്കാരെയും പൊലീസിനെയും വിവരമറിയിച്ചതെന്നും എന്നാൽ ഭർത്താവിനെ രക്ഷിക്കാനായില്ലെന്നും യുവതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ