- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്ത് നടന്നതിനു പിന്നാലെ ചേർത്തലയിലും ഗുണ്ടാസംഗമം; ഡിവൈഎഫ്ഐ. ബ്ലോക്ക് കമ്മിറ്റിയംഗത്തിന്റെ വീട്ടിൽ ഒത്തു കൂടിയതുകൊലക്കേസ് പ്രതികളടക്കം 20 പേർ: നേതാവിനെ വിളിച്ചുവരുത്തി മൊഴിയെടുത്ത് പൊലീസ്
ചേർത്തല: ആലപ്പുഴ ജില്ലയിൽ വീണ്ടും ഗുണ്ടാസംഗമം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന ഗുണ്ടാസംഗമത്തിന് പിന്നാലെ ചേർത്തലയിലും ഗുണ്ടാസംഗമം നടന്നിരിക്കുകയാണ്. പൊലീസിനെയും സിപിഎം. നേതൃത്വത്തെയും ഞെട്ടിച്ച് കൊലക്കേസ് പ്രതിയടക്കം 20ഓളം ഗുണ്ടകളുടെ സംഗമമാണ് കഴിഞ്ഞ വ്യാഴാഴ്ച നടന്നത്.. ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ ഉത്സവദിവസം ഡിവൈഎഫ്ഐ. ബ്ലോക്ക് കമ്മിറ്റിയംഗം ഒരുക്കിയ വിരുന്നിലാണ് ഗുണ്ടകൾ സംഗമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സംഗമത്തിനു നേതൃത്വം നൽകിയ ഡിവൈഎഫ്ഐ. നേതാവിനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. അതേസമയം ചേർത്തലയിലെ സംഗമത്തിനു നേതൃത്വം നൽകിയ ഡിവൈഎഫ്ഐ. നേതാവിനെതിരേ ഗൗരവമായ കേസുകൾ ഒന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, പങ്കെടുത്തവർ കൊലക്കേസുകളിൽ ഉൾപ്പെട്ടവരാണെന്നാണു പൊലീസിനു കിട്ടിയ വിവരം. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
കഴിഞ്ഞദിവസം കായംകുളത്ത് ഗുണ്ടാനേതാവിന്റെ പിറന്നാളിനായി ഒത്തുചേർന്ന 10 പേരടങ്ങിയ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ചേർത്തലയിലുും ഗുണ്ടാസംഗമം നടന്നത്. ചേർത്തല നഗരത്തിൽ നെടുമ്പ്രക്കാട്ടാണ് ഗുണ്ടകൾ ഒത്തുകൂടിയത്. ഇക്കഴിഞ്ഞ 15-ാം തിയതിയാണ് സംഭവം. സിപിഎം. അംഗമായ ഡിവൈഎഫ്ഐ. നേതാവിന്റെ വീട്ടിൽ നടന്ന സംഗമത്തിൽ ചേർത്തല തെക്ക് കിളിയാച്ചൻ കൊലക്കേസിലെ പ്രതിയടക്കം പങ്കെടുത്തതായാണു സൂചന. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള അയ്യപ്പൻ, സനത് തുടങ്ങിയവരടക്കം എത്തിയിരുന്നു.
സംഭവം പുറത്തായതോടെയാണു സിപിഎമ്മും ഡിവൈഎഫ്ഐ.യും അന്വേഷണം തുടങ്ങിയത്. അടിയന്തര നടപടി സ്വീകരിക്കാൻ ഡിവൈഎഫ്ഐ. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച ബ്ലോക്ക് കമ്മിറ്റി വിളിച്ചുചേർത്ത് കർശന നടപടിയെടുക്കുമെന്നാണു വിവരം. സിപിഎം. ജില്ലാ നേതൃത്വവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ