- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടു; ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; തീകൊളുത്തി കത്തിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ; ഗർഭസ്ഥ ശിശു ഉദരത്തിൽവച്ചു കൊല്ലപ്പെട്ടു
ഇൻഡോർ: ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ട എട്ട് മാസം ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം തീകൊളുത്തി കത്തിച്ചതായി പരാതി. മധ്യപ്രദേശിലെ മോറേനയിലെ ചാന്ദ്പുർ ഗ്രാമത്തിലാണ് ദാരുണണായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 80% പൊള്ളലേറ്റതായാണു വിവരം. ഇവരുടെ ഗർഭസ്ഥ ശിശു ഉദരത്തിൽ വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
യുവതി എട്ടു മാസം ഗർഭിണിയായിരുന്നുവെന്നും കുഞ്ഞ് ഉദരത്തിൽവച്ചു തന്നെ കൊല്ലപ്പെട്ടുവെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
യുവതിയെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ ആംബുലൻസിൽ വച്ച് ഭർത്താവ് പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണു സംഭവം പുറത്തറിഞ്ഞത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോയാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഭർത്താവിന്റെ പേരിൽ ആരോപിക്കപ്പെട്ട ബലാത്സംഗ പരാതി പറഞ്ഞുതീർക്കാനാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചാന്ദ്പുർ ഗ്രാമത്തിലേക്കു പോയതെന്നു യുവതി വെളിപ്പെടുത്തിയതായി അംബാ ടൗൺ ഇൻസ്പെക്ടർ അലോക് പരിഹാർ വിശദീകരിച്ചു. ഇതേക്കുറിച്ചു സംസാരിക്കുന്നതിനിടെ മൂന്നു പുരുഷന്മാർ ചേർന്നു പിടിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തെന്നാണു യുവതിയുടെ ആരോപണം. ഇതിനു പിന്നാലെ തീകൊളുത്തിയതായും യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
ആംബുലൻസിൽവച്ച് ഭർത്താവ് പകർത്തിയ വിഡിയോയിലും മൂന്നു പുരുഷന്മാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പറയുന്നുണ്ട്. ഇവരുടെ കയ്യിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, തന്റെ ഭർത്താവിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയും ബന്ധുക്കളും ചേർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതായും യുവതി ആരോപിച്ചു.
അതേസമയം, യുവതിയുടെ ആരോപണങ്ങൾ അവരുടെ ഭർത്താവിനെതിരെ പരാതി നൽകിയ സ്ത്രീയും ബന്ധുക്കളും നിഷേധിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ യുവതി സമ്മർദ്ദം ചെലുത്തിയതായും തയാറാകാതെ വന്നപ്പോൾ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നുമാണ് അവരുടെ നിലപാട്. യുവതി പീഡനത്തിന് ഇരയായോ എന്ന കാര്യം ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരിയിലാണ് യുവതിയുടെ ഭർത്താവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ ജയിലിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യുവതിയുടെ ഭർത്താവിന്റെ പേരിൽ പൊലീസിൽ ലൈംഗിക പീഡന പരാതി ലഭിച്ചിരുന്നു. പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ പരാതി വ്യാജമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പീഡനക്കേസ് ഒത്തു തീർക്കാനായാണ് യുവതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചാന്ദ്പുർ ഗ്രാമത്തിലേക്ക് പോയത്. പരാതിക്കാരോട് സംസാരിക്കുന്നതിനിടെ മൂന്ന് പുരുഷന്മാർ യുവതിയെ ബലമായി പിടിച്ച് വലിച്ചു കൊണ്ടുപോയി. പിന്നീട് കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി പൊലീസിൽ ഇക്കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ നാട്ടുകാർ വിളിച്ച് വിവരം അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തിയാണ്ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ