തൊടുപുഴ: മാർക്ക് ദാനത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ റാഗിങ് കേസിൽ കുടുക്കി കള്ളക്കേസുണ്ടാക്കി സസ്‌പെൻഡ് ചെയ്‌തെന്ന് ആരോപിച്ച് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി നിയമ വിദ്യാർത്ഥികൾ. ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് കെട്ടിടത്തിന് മുകളിൽ കയറിയാണ് വിദ്യാർത്ഥികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നീക്കത്തിൽ പ്രതിഷേധിച്ചാണ് ഭീഷണി. മുപ്പതോളം വിദ്യാർത്ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കി കോളേജ് കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്നത്.

മന്ത്രിയോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിക്ക് ഇന്റേണൽ മാർക്കിൽ അന്യായമായി മാർക്ക് നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജിൽ സമരം ആരംഭിച്ചത്.

സമരം ചെയ്ത വിദ്യാർത്ഥികളെ റാഗിങ് കേസിൽ കുടുക്കി കള്ളക്കേസുണ്ടാക്കി സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. ഇതോടെയാണ് കുട്ടികൾ ആത്മഹത്യ ഭീഷണി മുഴക്കി കോളേജ് കെട്ടിടത്തിന് മുകളിൽ കയറിയത്. തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വിഡിയോയും ഓഡിയോയും കൈവശമുണ്ടെന്നും കുട്ടികൾ അവകാശപ്പെടുന്നുണ്ട്. വിഷയത്തിൽ മനേജ്‌മെന്റ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

കോളേജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീഷണി. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. വിദ്യാർത്ഥികളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള നീക്കത്തിലാണ് അധികൃതർ.ഒരു മണിക്കൂറിലധികമായി വിദ്യാർത്ഥികൾ കെട്ടിടത്തിന് മുകളിൽ നിൽക്കുകയാണ്.

ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ളവരാണ് കെട്ടിടത്തിന് മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്. നാലാം സെമസ്റ്റർ വിദ്യാർത്ഥികളാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഒരു കുട്ടിക്ക് വേണ്ടി തിരുമറി നടത്തിയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഇവർ സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെ സമരത്തിന് നേതൃത്വം നൽകിയ ഏഴു പേരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

മാർക്ക് തിരിമറി ചെയ്ത പ്രിൻസിപ്പാൾ രാജിവെക്കുക, സസ്‌പെൻഷൻ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി തൊടുപുഴ ഡിവൈഎസ്‌പി ഉൾപ്പെടെ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് ഫയർഫോഴ്‌സെത്തി താഴെ വല വിരിച്ചു നിൽക്കുകയാണ്.