- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴുകാരി ചാലിയാറിൽ മുങ്ങി മരിച്ച സംഭവം; കരാട്ടെ അദ്ധ്യാപകനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു: കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടതായും നാട്ടുകാർ
മലപ്പുറം: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശിയും കരാട്ടെ അദ്ധ്യാപകനുമായ വി സിദ്ദീഖ് അലിയെ (43) ആണ് പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ആറു മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളിൽ ചിലർ അടുത്തേക്കു ചെന്നപ്പോൾ മുഖംനൽകാതെ ബൈക്ക് ഓടിച്ചുപോയതു സംശയത്തിന് ആക്കം കൂട്ടുന്നതായും ബന്ധുക്കളുടെ പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവം നടന്ന ദിവസം, അപരിചിതരായ രണ്ടുപേരെ കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം കണ്ടിരുന്നു. അതേസമയം കുട്ടിയുടെ കരാട്ടെ അദ്ധ്യാപകനായ സിദ്ദീഖ് അലിക്കെതിരെ കുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തു.
പെൺകുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതി. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. കടുത്ത മനസപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പ്രതി മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി.
അതേസമയം, ആരോപണ വിധേയനായ കരാട്ടെ അദ്ധ്യാപകൻ ഒരു പോക്സോ കേസിൽ അറസ്റ്റിലാവുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസിൽ ഇയാൾ പിന്നീട് പുറത്തിറങ്ങി. താൻ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇതുകൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നെങ്കിലും പെൺകുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി, പ്ലസ് വണ്ണിൽ പഠനം ഇടയ്ക്കു നിർത്തിയിരുന്നു.
ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെൺകുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തിൽനിന്ന് കണ്ടെത്തിയത്. ജീവനൊടുക്കിയെന്ന കരുതാവുന്ന അവസ്ഥയിലല്ല പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരിൽ ചിലരും പറയുന്നത്. പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ