- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാം ക്ലാസുവരെ മാത്രം പഠിച്ച ഓട്ടോറിക്ഷ ഡ്രൈവർ; യൂട്യൂബ് നോക്കി മോഷണം പഠിച്ചു; ഹൈടെക് സോഫ്റ്റ്വെയർ ഉപയോഗിച്ച് മോഷ്ടിച്ചത് അഞ്ഞൂറിലധികം കാറുകൾ; മോഷണസംഘം ഗസ്സിയാബാദിൽ അറസ്റ്റിൽ
ന്യൂഡൽഹി: യൂട്യൂബ് നോക്കി പഠിച്ച് ആഡംബര വാഹനങ്ങളടക്കം അഞ്ഞൂറോളം കാറുകൾ മോഷ്ടിച്ച സംഘം ഗസ്സിയാബാദിൽ പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവറായ റൗനക് അലി, താജ് മുഹമ്മദ്, റിങ്കു, ഹക്കീം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കാറുകൾ മോഷ്ടിക്കുന്നതിനായി ഹൈടെക് സോഫ്റ്റ്വെയറാണ് മോഷ്ടാക്കൾ ഉപയോഗിച്ചിരുന്നത്. കാറിന് ആവശ്യക്കാരുള്ളപ്പോഴാണു മോഷ്ടിക്കാറുള്ളതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇവർ യൂട്യൂബ് നോക്കി മോഷണം പഠിച്ചശേഷം ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ മോഷ്ടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് പൊലീസ് ഗസ്സിയാബാദിൽനിന്നാണ് മോഷണസംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരുടെ ദുബായ് ബന്ധത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
2012ലാണ് അഞ്ചാംക്ലാസുവരെ പഠിച്ച ഓട്ടോറിക്ഷ ഡ്രൈവറായ റൗനക് അലി കാറുകൾ മോഷ്ടിക്കാൻ പദ്ധതിയിടുന്നത്. തുടർന്ന് താജ് മുഹമ്മദ്, റിങ്കു, ഹക്കീം എന്നിവരുമായി പരിചയപ്പെട്ടു. പല കേസുകളിൽ അകപ്പെട്ട് ജയിലിൽ കിടന്ന ഇവർ ജയിലിൽനിന്ന് കൂടുതൽ പേരെ പരിചയപ്പെട്ടു. തുടർന്നാണ് വാഹനമോഷണം ആരംഭിച്ചത്.
മോഷ്ടിക്കുന്ന വാഹനങ്ങൾ ഇവർ സമ്പാലിലുള്ള ആമിർ എന്നയാൾക്കാണ് കൈമാറിയിരുന്നത്. ഇതിൽ ഇരുനൂറോളം വാഹനങ്ങൾ ഗുജറാത്തിലെ വഡോദരയിലുള്ള ഒരാൾക്കാണു നൽകിയത്. ആഡംബര കാറുകൾ അൺലോക്ക് ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയർ സ്വന്തം ടാബ്ലറ്റുകളിൽ ഡൗൺലോഡ് ചെയ്താണ് മോഷ്ടാക്കൾ ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. മോഷണത്തിനാവശ്യമായ ഉപകരണങ്ങൾ മോഷ്ടാക്കൾക്കു നൽകിയിരുന്നത് ആമിറും ഭാര്യയും ആയിരുന്നു.
മോഷണത്തിനായുള്ള കാർ കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് കാറിന്റെ വിൻഡോഗ്ലാസ് തകർത്തശേഷം അകത്തു കയറും. തുടർന്ന് സോഫ്റ്റ്വെയർ ഉപയോഗിച്ച് അൺലോക്ക് ചെയ്ത് കാറുമായി കടന്നുകളയും.
കാറിന്റെ സ്റ്റിയറിങ് ലോക്ക് നീക്കിയശേഷം ജിപിഎസ് ട്രാക്കർ തകർക്കുകയും നമ്പർ പ്ലേറ്റ് മാറ്റുകയും ചെയ്യും. ഇത്തരത്തിൽ മോഷ്ടിക്കുന്ന കാറുകളുടെ കൃത്രിമ താക്കോൽ ആമിർ ദുബായിൽനിന്ന് എത്തിക്കുകയാണു ചെയ്തിരുന്നതെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലെ എടിഎം മോഷണക്കേസിലും പ്രതികളാണ് ഇവർ. 19.9 ലക്ഷം രൂപ കവർന്ന കേസിലും ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ആഡംബര ജീവിതം നയിക്കുന്നതിനായാണ് പ്രതികൾ മോഷണം നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ