- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിക്ഷ കൂട്ടരുത്, ഭാര്യയും കുട്ടികളും ഉണ്ടെന്ന് ഒന്നാം പ്രതി എം സി അനൂപ്; പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്ന് കിർമാണി മനോജ്; കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനി; ടിപി ചന്ദ്രശേഖരൻ കേസിൽ വധശിക്ഷക്കെതിരെ കോടതിയോട് യാചിച്ച് പ്രതികൾ
കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമോ എന്നതിൽ ഹൈക്കോടതി നാളെ വിധി പറയും. ഇന്നു വാദം കേട്ട ശേഷമാണ് കേസ് നാളത്തേക്കു മാറ്റിയത്. കേസിൽ കുറ്റക്കാരല്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിക്കു കൈമാറിയിരുന്നു. ഹൈക്കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ പാർപ്പിക്കും.
ആരോഗ്യപ്രശ്നങ്ങളുള്ള ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയത്. ജ്യോതി ബാബുവിന് മൂന്നുമണിക്ക് ഡയാലിസിസ് നടത്തേണ്ടതുണ്ട്. ആരോഗ്യപ്രശ്നം ജയിൽ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിച്ചു. പ്രതികളുടെ അപ്പീൽ തള്ളിയ ഹൈക്കോടതി രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്നു കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയാണ് കോടതി റദ്ദാക്കിയത്.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഓരോരുത്തരോടായി കാരണം ചോദിച്ച കോടതിയോട് ശിക്ഷ ഇളവ് യാചിച്ച് പ്രതികൾ. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ വധശിക്ഷ നൽകാതിരിക്കാൻ കോടതിയോട് പ്രതികൾ യാചിക്കുകയായിരുന്നു.
താൻ നിരപരാധിയാണ് എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടിൽ മറ്റാരും ഇല്ലെന്നും അയാൾ ആവശ്യപ്പെട്ടു. നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വർധിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെട്ടു. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തിയിരുന്നു.
കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിന്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാൾ പറഞ്ഞു. ടിപി കേസിന്റെ ഭാഗമായി തടവിൽ കഴിയവേ പൊലീസ് മർദ്ദനത്തെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയിൽ പറഞ്ഞത്.
ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാൻ അവസരം നൽകണമെന്നും പറഞ്ഞു. പന്ത്രണ്ട് വർഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായി ഹാജരാക്കി. നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമാണ് തനിക്കെന്നും വീട്ടിൽ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയിൽ പറഞ്ഞു.
രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെസി രാമചന്ദ്രൻ പറഞ്ഞത്. രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് തന്നെ കേസിൽ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പൊലീസ് മർദനത്തിന്റെ ഭാഗമായി നട്ടെല്ലിന് പരിക്കുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ സർജറി തീരുമാനിച്ചിരിക്കുകയാണ്. ജയിലിനകത്ത് വെച്ചോ പരോളിൽ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാൻ പകൽ വീട് തന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രൻ കോടതിയോട് പറഞ്ഞു.
കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നും കെകെ കൃഷ്ണൻ പറഞ്ഞു. ദൈനം ദിന കാര്യങ്ങൾ ചെയ്യാൻ പോലും പര സഹായം ആവശ്യമുണ്ടെന്നും കോടതിയിൽ കൃഷ്ണൻ പറഞ്ഞു. മക്കളും ഭാര്യയും മാത്രമാണുള്ളതെന്നും വേറെ ആരുമില്ലെന്നും പറഞ്ഞ റഫീഖ്, കേസുമായി ബന്ധവുമില്ലെന്നും പറഞ്ഞു. രാഷ്ട്രീയ ബന്ധവും തനിക്കില്ലെന്നും ടാക്സി ഡ്രൈവർ മാത്രമാണെന്നും അയാൾ കോടതിയിൽ അറിയിച്ചു.
തുടർന്ന് പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോർട്ട് സർക്കാരിന്റെ അഭിഭാഷകൻ കോടതിക്ക് കൈമാറി. പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിന് മുൻപ് വാദം കേൾക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും നൽകാൻ കോടതി നിർദ്ദേശിച്ചു. പിന്നാലെ കേസ് നാളത്തേക്ക് മാറ്റി. നാളെ 10.15 നു തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.
പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.
2012 മെയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ചന്ദ്രശേഖരൻ സിപിഎമ്മിൽനിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.
മറുനാടന് മലയാളി ബ്യൂറോ