- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിലെ ക്രോയ്ഡോണിൽ 16 കാരനും ശ്രീലങ്കൻ വംശജനുമായ എ ലെവൽ വിദ്യാർത്ഥി സ്വയം ജീവനെടുത്ത ദാരുണ സംഭവം; നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഓൺലൈൻ നൈജീരിയൻ തട്ടിപ്പുകാരുടെ ഇര
ലണ്ടൻ: അതി സമർത്ഥനും, സത്സ്വഭാവിയുമായിരുന്ന ഒരു സിക്സ്ത്ത് ഫോം വിദ്യാർത്ഥിയുടെ ആത്മഹത്യ ബ്രിട്ടണിലെ ക്രോയ്ഡോണിനെ ഞെട്ടിച്ചിരിക്കുകയാണ്. നഗ്ന ചിത്രങ്ങളുമായി ബ്ലാക്ക് മെയിൽ ചെയ്യുന്നത് സഹിക്കാതെയാണ് ബാലൻ ആത്മഹത്യ ചെയ്തത്. നല്ലൊരു ഫുട്ബോൾ കളിക്കാരനും റഗ്ബി കളിക്കാരനുമായ ഡിനൽ ഡി ആൽവിസ് എന്ന 16 കാരൻ ജി സി എസ് ഇ പരീക്ഷയിൽ മുഴുവൻ എ സ്റ്റാർ റാങ്ക് വാങ്ങിയ ആളാണ്.
കേംബ്രിഡ്ജിലെ പഠനം സ്വപ്നം കണ്ടിരുന്ന ആൽവിസിന്റെ ജീവിതം മാറിമറയുന്നത് സ്നാപ്ചാറ്റ് വഴി, നൈജീരിയയിൽ നിന്നെന്നു കരുതുന്ന ഒരു വ്യക്തി ബന്ധപ്പെട്ടപ്പോൾ മുതലാണ്. ഈ വിദ്യാർത്ഥിയുടെ രണ്ട് ഫോട്ടോകൾ ആ വ്യക്തി അയച്ചു കൊടുത്തു. മാത്രമല്ല, 100 പൗണ്ട് നൽകിയീല്ലെങ്കിൽ ആൽവിസിന്റെ എല്ലാ ഓൺലൈൻ ഫോളോവേഴ്സിനും ഇത് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ, അതിനു തുനിയാതെ തന്റെ വീട് വിട്ടിറങ്ങിയ ആൽവിൻ വിവരങ്ങൾ വിശദമായി വിവരിച്ചു കൊണ്ട് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്യുകയായിരുന്നു. മറ്റൊരു കുടുംബത്തിനും ഇതുപോലൊരു ഗതി വരരുതെന്നാണ് ഇപ്പോൾ ആൽവിന്റെ മാതാപിതാക്കളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥന. വീട് വിട്ടിറങ്ങിയ രാത്രിയിൽ ആൽവിസ് തനിക്കും ഭാര്യയ്ക്കും സന്ദേശമയച്ചിരുന്നു എന്ന് ആൽവിസിന്റെ പിതാവ് പറയുന്നു.
അച്ഛനെയും അമ്മയേയും ഏറെ സ്നേഹിക്കുന്നു എന്ന് പറഞ്ഞായിരുന്നു സന്ദേശം. സമാനമായ സന്ദേശം തന്റെ രണ്ട് സഹോദരങ്ങൾക്കും ആൽവിസ് അയച്ചിരുന്നു. മാത്രമല്ല, സഹോദരന്മാരോട് അമ്മയെയും അച്ഛനെയും നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തെക്കൻ ലണ്ടനിലെ സട്ടണിൽ താമസിക്കുന്ന ആൽവിസ്, ക്രോയ്ഡോൺ വിറ്റ്ഗിഫ്റ്റ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇംഗ്ലണ്ട് റഗ്ബി താരം ഡാനി സിപ്രിയാനി, ഇല്യുഷനിസ്റ്റ് ഡെറെൻ ബ്രൗൺ തുടങ്ങി പ്രശസ്തരായ പലരും പഠിച്ചിറങ്ങിയ സ്കൂൾ ആണിത്.
ജി സി എസ് ഇ വിജയകരമായി പൂർത്തിയാക്കിയ ശേഷം സിക്സ്ത് ഫോമിൽ പഠനം തുടർന്ന് ആൽവിസ് ഇംഗ്ലീഷിലും എക്കണോമിക്സിലും സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. കേംബ്രിഡ്ജിൽ ഒരു ഓപ്പൺ ഡേയിൽ സന്നിഹിതനായിരുന്ന ആൽവിസിന്റെ ആഗ്രഹം അവിടെ എക്കണോമിസ്ക് പഠിക്കണം എന്നതായിരുന്നു. എന്നാൽ, 2022 ഒക്ടോബറിൽ ഹ്രസ്വമായ ഒരു ഹോളിഡെ യാത്ര കഴിഞ്ഞെത്തിയ ആൽവിസ് അസാധാരണമാം വിധം തന്റെ അമ്മയോട് തന്നെ ഒറ്റക്ക് വിടാൻ ആവശ്യപ്പെട്ടു.
പിന്നീടാണ് അറിഞ്ഞത് ആൽവിസിന്റെ രണ്ട് നഗ്ന ഫോട്ടോകൾ ആ ദിവസം ഓൺലൈനിൽ അവനുമായി ബന്ധപ്പെട്ട വ്യക്തി അയച്ചു നൽകി എന്ന്.തന്നെ ബ്ലോക്ക് ചെയ്തതുകൊണ്ട് രക്ഷപ്പെടാൻ ആകില്ലെന്നും, 100 പൗണ്ട് നൽകണമെന്നും ബ്ലാക്ക്മെയ്ലർ പറഞ്ഞതായി തെക്കൻ ലണ്ടനിലെ കൊറോണർ കോടതിയിൽ ഇന്നലെ ബോധിപ്പിച്ചു. തന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പലരുടെ കൈകളിലും എത്തിയിരിക്കും എന്നായിരുന്നു ആൽവിസ് അനുമാനിച്ചത്.
അന്ന് രാത്രി വീട് വിട്ടിറങ്ങിയ ആൽവിസ് പിന്നീട് തിരിച്ചെത്തിയില്ല. ബ്ലാക്ക്മെയ്ലറെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസും നാഷണൽ ക്രൈം ഏജൻസിയും സമ്മതിക്കുന്നു. എന്നാൽ, ആ വ്യക്തി നൈജീരിയ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് അവർ പറയുന്നു. ആൽവിസിന്റെ ഒപ്പം ഉള്ളപ്പോൾ ഒരു പെൺകുട്ടിയാകാം ചിത്രങ്ങൾ എടുത്തതെന്ന് കരുതുന്നതായി അവന്റെ പിതാവ് കോടതിയിൽ പറഞ്ഞു.
ഇത്തരത്തിൽ പെൺകുട്ടികൾ പലരെയും പ്രലോഭിപ്പിച്ച് വീഡിയോ ചാറ്റുകൾക്ക് സമ്മതിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ഉണ്ടെന്നും അറിയാമെന്നും പിതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ