- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊടുവള്ളിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബാലുശ്ശേരി കിനാലൂർ കാരപ്പറമ്പിൽ ആലിക്കോയയുടെ മകൻ ജാസിർ, കണ്ണാടിപ്പൊയിൽ മുരിങ്ങനാട്ടുചാലിൽ ശശിയുടെ മകൻ അഭിനന്ദ് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ച് നിമിഷങ്ങൾക്കുള്ളിൽ കത്തിയമരുകയായിരുന്നു.
യുവാക്കളിലൊരാളുടെ മൃതദേഹം ബൈക്കിനും വൈദ്യുതി തൂണിനുമിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ രണ്ടാമത്തെയാളെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതിത്തൂണിലിടിച്ച് തലയ്ക്കുൾപ്പെടെ ഏറ്റ പരിക്കും തീപ്പൊള്ളലേറ്റതുമാണ് മരണകാരണം. നരിക്കുനി അഗ്‌നിരക്ഷാസേനയും കൊടുവള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു.
രാവിലെ നാലരയ്ക്കാണ് സംഭവമെന്നും വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു. ബൈക്ക് മറിഞ്ഞ് പൂർണ്ണമായി കത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ തന്നെ കെഎസ്ഇബിയിലും ഫയർ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വിളിച്ചു വിവരമറിയിച്ചു. അവരെത്തിയാണ് തീയണച്ചതെന്നും ദൃക്‌സാക്ഷി പറഞ്ഞു. കോഴിക്കോട് സൗത്തുകൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച ബൈക്ക് പൂർണമായും കത്തി നശിക്കുകയായിരുന്നു.
എന്നാൽ യുവാക്കളുടെ മുഖം വ്യക്തമായിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അപകട മരണമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആശുപത്രിയിലെത്തിക്കുമ്പോൾ ഒരാൾ മരിക്കുകയും, ഒരാൾക്ക് ജീവനും ഉണ്ടായിരുന്നു. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ടു ഫോണുകൾ കണ്ടെത്തി. ബൈക്കിന്റെ നമ്പർ പ്‌ളേറ്റ് കത്തിയ നിലയിലാണ്. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിയ നിലയിലാണ്. യാത്രക്കാരിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്നെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.