ബെംഗളൂരു: കർണാടകയിലെ രാമനഗരയിൽ മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്താൽ പതിനേഴുകാരിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച പതിനേഴുകാരി ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഇയാൾതന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കുഴഞ്ഞുവീണതാണെന്ന് പറഞ്ഞ് ഡോക്ടർമാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മാർച്ച് 27-നാണ് പെൺകുട്ടിയെ ഭർത്താവ് അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ ജോലിചെയ്യുന്നതിനിടെ ഭാര്യ ബോധംകെട്ട് വീണെന്നായിരുന്നു ഇയാളുടെ മൊഴി.

ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. എന്നാൽ, 17-കാരിയുടെ കഴുത്തിൽ കണ്ട പാടുകൾ സംശയത്തിനിടയാക്കി. ഇതോടെ ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലും മൃതദേഹ പരിശോധനയിലും സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഭാര്യ സ്ഥിരമായി മൊബൈൽഫോണിൽ ഒരാളുമായി സംസാരിക്കാറുണ്ടെന്നും മൊബൈൽഫോൺ തൊടാൻപോലും തന്നെ സമ്മതിക്കാറില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൊലപാതകത്തിന് പുറമേ ബലാത്സംഗത്തിനും ശൈശവവിവാഹ നിരോധന നിയമപ്രകാരവും പ്രതിക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.

അകന്നബന്ധു കൂടിയായ പ്രതി മൂന്നുവർഷം മുമ്പാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ബന്ധുക്കളുടെ നിർബന്ധപ്രകാരം പെൺകുട്ടിയുടെ മാതാപിതാക്കൾ ഇവരുടെ വിവാഹം നടത്തികൊടുത്തു. സംഭവത്തിൽ യുവാവിനെതിരേ പൊലീസിൽ പരാതിയും നൽകിയിരുന്നില്ല. ദമ്പതിമാർക്ക് ഒന്നരവയസ്സുള്ള മകളുണ്ട്.