കൽപറ്റ: തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട കൊടുംകുറ്റവാളി ലെനിനെ വയനാട് പൊലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊലപാതകം, ബലാത്സംഗം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണഗിരി, മൈലമ്പാടി, എം.ജെ.ലെനിനെ(40) ആണ് വയനാട് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മേപ്പാടി സ്റ്റേഷൻ പരിധിയിലെ കാപ്പംകൊല്ലിയിൽ വച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.

കോട്ടയം, കോഴിക്കോട് പൊലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും സഹായത്തോടെ നടത്തിയ ഓപറേഷനിൽ മേപ്പാടി ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതിയെ പിടികൂടിയത്. മംഗളൂരുവിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പൊലീസിന്റെ വലയിലായത്. തമിഴ്‌നാട്ടിലും കൊലപാതക കേസുകളിലും ബലാത്സംഗ കേസുകളിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അമ്പലവയൽ സ്റ്റേഷനിൽ ഇമ്മോറൽ ട്രാഫിക്, റോബറി എന്നീ കേസുകളിലും ബത്തേരി സ്റ്റേഷനിൽ അക്രമിച്ച് പൊതുമുതൽ നശിപ്പിക്കൽ കേസിലും കൽപ്പറ്റ സ്റ്റേഷനിൽ ഇമ്മോറൽ ട്രാഫിക് കേസിലും പ്രതിയാണ്.

തമിഴ്‌നാട്ടിൽ ബലാത്സംഗം, കൊലപാതക കേസുകളിൽ ശിക്ഷ വിധിക്കപ്പെട്ട് ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഇയാളെ അമ്പലവയൽ കൂട്ട ബലാത്സംഗ കേസിൽ വിചാരണയ്ക്കു മുൻപുള്ള കുറ്റം വായിച്ചു കൊടുക്കൽ പ്രക്രിയക്കായി ബത്തേരി കോടതിയിലേക്കു കൊണ്ടുപോകുമ്പോഴാണു തമിഴ്‌നാട് പൊലീസുകാരിൽനിന്നും ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ രക്ഷപ്പെട്ട വിവരമറിഞ്ഞയുടൻ വയനാട് ജില്ലാ പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുമ്പോഴാണ് കോഴിക്കോട് എത്തിയതായി വിവരം ലഭിക്കുന്നത്.

തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത ഇരട്ടകൊലപാതകക്കേസിൽ 64 വർഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിൻ. 2022ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുവന്ന് എടക്കലിലെ ഹോംസ്റ്റേയിലെത്തിച്ചു ലഹരിവസ്തുക്കൾ നൽകി 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. എസ്‌ഐ ഹരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ. വിപിൻ, നൗഫൽ, സിപിഒ സക്കറിയ, ഷാജഹാൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.