തിരുവനന്തപുരം: കേരളത്തിലെ തീരദേശങ്ങളിലുള്ള യുവാക്കളെ റഷ്യൻ യുദ്ധഭൂമിയിലേക്ക് റിക്രൂട്ടുചെയ്ത സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേരിൽ നിന്നും നിർണ്ണായക വിവരങ്ങൾ സിബിഐയ്ക്ക് കിട്ടിയെന്ന് സൂചന. റിക്രൂട്ട്‌മെന്റിൽ ഇടനിലക്കാരായി നിന്ന രണ്ടുപേരെയാണ് സിബിഐ. അറസ്റ്റുചെയ്തത്. പൂവാർ കരിങ്കുളം സ്വദേശി അരുൺ, തുമ്പ സ്വദേശി യേശുദാസ് ജൂനിയർ (പ്രിയൻ-50) എന്നിവരെയാണ് ഡൽഹി സിബിഐ. യൂണിറ്റ് തിരുവനന്തപുരത്തെത്തി പിടികൂടിയത്. ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ കിട്ടിയത്. യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വലിയ സംഘടിത മനുഷ്യക്കടത്ത് ശൃംഖലയിലേക്കാണ് സിബിഐ അന്വേഷണം നീങ്ങുന്നത്. സാമൂഹിക മാധ്യമങ്ങളും യൂ ട്യൂബ് ചാനലുകൾ വഴിയാണ് പ്രതികൾ ഇരകളെ കണ്ടെത്തുന്നത്.

തിരുവനന്തപുരം അഞ്ചുതെങ്ങ്, പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്. വാട്‌സാപ്പിൽ ഷെയർചെയ്തു കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജൻസിയെ സമീപിച്ചത്. ഇത് പിന്നീട് ചതിയായി മാറുകയാണ്. അഞ്ചുതെങ്ങ്, പൊഴിയൂർ സ്വദേശികൾ മോസ്‌കോയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചത് റഷ്യൻ പൗരത്വമുള്ള മലയാളികളായിരുന്നു. ഇവരിലേക്കും അന്വേഷണം എത്തും. വലിയ റാക്കറ്റിനെ കുറിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായവരും സിബിഐക്ക് മൊഴി നൽകി. അതീവ രഹസ്യമായിട്ടാണ് രണ്ടു പേരേയും സിബിഐ പിടികൂടിയത്.

അറസ്റ്റിലായവർ ദിവസങ്ങളായി സിബിഐ.യുടെ നിരീക്ഷണത്തിലായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്. കഴിഞ്ഞ ഏപ്രിൽ 24-ന് കന്യാകുമാരി സ്വദേശി നിജിൽ ജോബി ബെൻസമിനെയും മുംബൈ സ്വദേശി ആന്റണി മിഖായേൽ ഇളങ്കോവനെയും സിബിഐ. അറസ്റ്റുചെയ്തിരുന്നു. ഇതോടെ കേസിൽ ആകെ നാലുപേർ അറസ്റ്റിലായി. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും. പരിഭാഷകനായി റഷ്യയിൽ ജോലി നോക്കുകയാണ് നിജിൽ. ചെന്നൈയിൽ ഇരകൾക്കായി റഷ്യയിലേക്ക് വിസയും വിമാനടിക്കറ്റും ഏർപ്പാടാക്കി നൽകുന്ന ജോലിയാണ് ആന്റണിക്ക്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് ആളുകളെ കണ്ടെത്തി റഷ്യൻ ആർമിയിലേക്കു നൽകുകയാണ് യേശുദാസ് ജൂനിയറും അരുണും ചെയ്തിരുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പറ്റിയും വ്യക്തമായ സൂചന സിബിഐയ്ക്ക് കിട്ടിയിട്ടുണ്ട്.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ചതിയിൽപ്പെട്ട് റഷ്യ-യുക്രൈൻ യുദ്ധമുഖത്താണ് തിരുവനന്തപുരം അഞ്ചുതെങ്ങ്, പൂവാർ സ്വദേശികൾ എത്തിയത്. റഷ്യയിലേക്ക് ആളുകളെ റിക്രൂട്ടുചെയ്യുന്ന സംഘത്തിലെ സൂത്രധാരൻ റഷ്യൻ പൗരത്വമുള്ള തുമ്പ സ്വദേശി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് ഇവർ. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലാകുന്നത്. തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ്(ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ(റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്‌സൺ എന്നിവരെയും സിബിഐ. നേരത്തേ പ്രതിയാക്കിയിരുന്നു. ഇവർക്കെതിരേ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് കുറ്റങ്ങൾക്ക് ഐ.പി.സി. 120(ബി), 420, 370 വകുപ്പുകൾ ചുമത്തിയിരുന്നു.

തുമ്പ സ്വദേശിയായ പ്രിയൻ, അലക്‌സിന്റെ ബന്ധുവാണ്. റഷ്യയിലേക്കു പോകുംമുൻപ് ഏഴു ലക്ഷത്തോളം രൂപ പ്രിയൻ കൈപ്പറ്റിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്‌മെന്റിനു നേതൃത്വം നൽകിയതും പ്രിയനാണ്. പ്രിയനെതിരേ റഷ്യയിൽനിന്നു നാട്ടിലെത്തിയവർ സിബിഐ.ക്കു മൊഴിനൽകിയിരുന്നു. തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിൻസ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.