കൊച്ചി: ഷെയർ മാർക്കറ്റിൽ ലാഭ വാഗ്ദാനം ചെയ്ത് നൂറിലധികം ആളുകളിൽനിന്ന് 25 കോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി കബളിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരുടെ പരാതിയിൽ കണ്ണൂർ കൂവേരി സ്വദേശി സുനീഷ് നമ്പ്യാരാണ് അറസ്റ്റിലായത്. എറണാകുളം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് സുനീഷിനെ പിടികൂടിയത്. ഡോക്ടർമാരും വ്യവസായികളും ബാങ്ക് ഉദ്യോഗസ്ഥരും അടക്കം ഉന്നത ജോലി ചെയ്തിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു സുനീഷിന്റെ തട്ടിപ്പ്. കെണിയിൽ വീണതും ഇത്തരത്തിൽ ഉന്നത ജോലി ചെയ്തവരായിരുന്നു.

'നാം ഇൻഡക്‌സ് ഡെറിവേറ്റിവ്സ്' എന്ന പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്ത് പ്രഫഷനൽ ട്രേഡ് ഷെയറിങ് കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ലണ്ടനിൽ ബാങ്കുദ്യോഗസ്ഥനായിരുന്നെന്നും, അതുവഴി ഡെറിവേറ്റിവ് ട്രേഡിങിൽ വിദഗ്ധനാണെന്നും പറഞ്ഞാണ് സുനീഷ് ആളുകളെ കബളിപ്പിച്ചത്. ഇങ്ങനെ പറഞ്ഞു പറ്റിച്ച് 25 കോടിയിലേറെ രൂപ കൈക്കലാക്കുകയും ചെയ്തു. ഷെയർ മാർക്കറ്റ് വിദഗ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. നിക്ഷേപത്തുകയുടെ 25 മുതൽ 30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ആദ്യഘട്ടങ്ങളിൽ രണ്ടോ മൂന്നോ പേരിൽ നിന്നും ചെറിയ തുകകൾ നിക്ഷേപമായി സ്വീകരിച്ച്, അതിൽനിന്ന് തന്നെ ലാഭവിഹിതം എന്ന പേരിൽ പണം അയച്ചുകൊടുത്തു. അത്തരത്തിൽ വിശ്വാസം നേടിയെടുത്ത ശേഷം ആദ്യനിക്ഷേപകരുടെ സുഹൃത്തുക്കളെയും വലയിലാക്കുന്നതായിരുന്നു സുനീഷിന്റെ തട്ടിപ്പു രീതി. ഗൾഫിൽ ഉന്നത നിലയിൽ ജോലിചെയ്തിരുന്ന ആളുകളിൽ നിന്നാണ് ഇത്തരത്തിൽ ഭീമമായ തുക സംഭരിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തത്.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മേഖലാ എസ്‌പി എ.ജി.ലാൽ, ഡിവൈഎസ്‌പി റോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സുനീഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കാക്കാനാട് ജില്ലാ ജയിലിലേക്കു മാറ്റി.